ഇലക്ട്രിക് കാര്‍ വിപണിയെ അമ്പരപ്പിക്കാന്‍ ബിവൈഡി (ബില്‍റ്റ് യുവര്‍ ഡ്രീംസ്) എത്തുന്നു. ഇലക്ട്രിക് കാര്‍ വിപണിയിലെ ചൈനീസ് സാന്നിധ്യമാണ് ബിവൈഡി. നിലവില്‍ 2 മോഡലുകള്‍ വിപണിയിലെത്തിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. ബിവൈഡി ഇ6, ആറ്റോ 3 എന്നിവയ്ക്ക് ശേഷം അവരുടെ മൂന്നാം മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി സീ ലയണ്‍ എന്ന പേര് നിര്‍മാതാക്കള്‍ ട്രേഡ്മാര്‍ക്ക് ചെയ്തു. മാത്രമല്ല ഇതിനോടകം പുതിയ മോഡല്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണോ, അതോ പുതിയ മോഡലാണോ എന്ന കാര്യത്തില്‍ കൃത്യമായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമാണ് ഇതെന്ന് രൂപത്തില്‍ നിന്നു വ്യക്തമാകുന്നു. ആറ്റോ 3 മോഡലുമായി വലുപ്പത്തില്‍ സാമ്യമുണ്ടെങ്കിലും ആ മോഡലിനെക്കാള്‍ 315 എംഎം നീളവും 35 എംഎം വീതിയും 5 എംഎം ഉയരവും ഈമോഡലിനു കൂടുതലുണ്ട്. ഓള്‍വീല്‍ അല്ലെങ്കില്‍ റിയര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ വാഹനത്തിനു ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 204 എച്ച്പി പരമാവധി കരുത്തും 310 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ടാകും. 82.5 കിലോവാട്ട് ബാറ്ററിയുള്ള വാഹനം പരമാവധി 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് സൂചന.