സോളോ ആര്‍ട്ടിസ്റ്റുകളുടെ ലോകത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ബിടിഎസ് അംഗം ജങ്കൂക്ക് പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയില്‍ 1000 കോടി സ്ട്രീമുകള്‍ നേടുന്ന ആദ്യ കെ-പോപ്പ് സോളോ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയിരിക്കുകയാണ്. കെ-പോപ്പ് ലോകത്തിന് അഭിമാനമായി മാറിയ ഈ നേട്ടം, ബിടിഎസ് ഗ്രൂപ്പിന്റെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ജങ്കൂക്ക് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ലേബലായ ‘ബിഗ്ഹിറ്റ് മ്യൂസിക്’ പുറത്തുവിട്ട വിവരമനുസരിച്ച്, നവംബര്‍ 25-നാണ് ജങ്കൂക്കിന്റെ സോളോ ഗാനങ്ങള്‍ ഈ സ്വപ്നതുല്യമായ നാഴികക്കല്ല് പിന്നിട്ടത്. ഈ കണക്കുകള്‍ പ്രകാരം, 100 കോടിയിലധികം സ്ട്രീമുകള്‍ നേടിയ നാല് സോളോ ഗാനങ്ങള്‍ ഉള്ള ഏക കെ-പോപ്പ് സോളോ ആര്‍ട്ടിസ്റ്റ് എന്ന റെക്കോര്‍ഡും ജങ്കൂക്ക് സ്വന്തമാക്കി.
