മറ്റു ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് സമീപകാലത്ത് റീമേക്ക് ചെയ്യപ്പെട്ടത്. അതിലൊന്നായിരുന്നു ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദര്. മോഹന്‍ രാജ ആയിരുന്നു റീമേക്കിന്റെ സംവിധാനം. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിന്റെ അടുത്ത ചിത്രവും തെലുങ്കിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡിയാണ് തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. ചിരഞ്ജീവി ആയിരിക്കും ഇതിലും നായകന്. ചിരഞ്ജീവിയുടെ കരിയറിലെ 156-ാം ചിത്രം വെങ്കി കുടുമുല സംവിധാനം ചെയ്യുമെന്നാണ് നേരത്തേ കേട്ടിരുന്നത്. എന്നാല്‍ ഈ പ്രോജക്റ്റ് നടന്നില്ല. ഇതിനു പിന്നാലെയാണ് ചിരു- 156 ബ്രോ ഡാഡിയുടെ റീമേക്ക് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയത്. ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയുടെ പേരാണ് ചിത്രത്തിന്റെ സംവിധായകനായി പറഞ്ഞുകേള്‍ക്കുന്നത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി സിദ്ദു ജൊണ്ണലഗഡ്ഡയും ശ്രീ ലീലയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.