സ്ത്രീധനം നല്‍കി സ്വയംവരത്തിലൂടെ വധുവിനെ സ്വന്തമാക്കാനാകുന്ന ഒരു നഗരം. എവിടെയാണെന്നോ? ബള്‍ഗേറിയയിലെ സ്റ്റാറ സഗോറയില്‍. വര്‍ഷത്തില്‍ ഒറ്റ ദിവസം മാത്രമാണ് അങ്ങനെയൊരു സ്വയംവര മേള നടക്കുന്നത്. ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ നോമ്പിന്റെ ആദ്യ ശനിയാഴ്ചയാണ് ബള്‍ഗേറിയയിലെ സ്റ്റാറ സഗോറ പട്ടണത്തിലെ ബ്രൈഡല്‍ മേള. മനോഹരമായ വസ്ത്രം ധരിച്ച്, ഒരുങ്ങി വരുന്ന യുവതികളെ കാണാനും വിവാഹവാഗ്ദാനം നല്‍കി സ്വന്തമാക്കാനും ധാരാളം യുവാക്കളും ഇവിടെ എത്താറുണ്ട്. ഇരുകൂട്ടരും മാതാപിതാക്കള്‍ക്കൊപ്പം സ്വയംവരത്തിനായി ഇവിടെ എത്തുന്നത്. പരമ്പരാഗത ചെമ്പുപണിക്കാരായ ജിപ്സികളാണ് ഇവിടെ എത്തുന്ന വധുക്കളും കുടുംബാംഗങ്ങളും. അതുകൊണ്ട് ഇത് ‘ജിപ്‌സി ബ്രൈഡ് മാര്‍ക്കറ്റ്’ എന്നും അറിയപ്പെടുന്നു. വിവാഹംവരെ പെണ്‍മക്കള്‍ പരപുരുഷരുമായി അകലം പാലിക്കുന്നതാണ് ഇക്കൂട്ടരുടെ ജീവിത ശൈലി. പ്രണയത്തിനു കര്‍ശന വിലക്കുണ്ട്. ഇഷ്ടപ്പെട്ട സുന്ദരിമാരെ വധുവായി സ്വീകരിക്കുന്ന വരന്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു സ്ത്രീധനവും നല്‍കണം. മാതാപിതാക്കളുമായി എത്തുകയും വധുവിനും വധുവിന്റെ മാതാപിതാക്കള്‍ക്കും ബോധിക്കുകയും ചെയ്താലേ വിവാഹത്തിനു സന്നദ്ധരാകൂ.