രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11 ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്നാണു യാത്ര ആരംഭിക്കുക. കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി ഏഴു വരെയും ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്നു പോകുക.
മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്നാണ് ഉത്തരവ്.
മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്‍. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ കെഎം എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കു നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു.രണ്ടുതവണ കുത്തേറ്റു. കുഴഞ്ഞു വീണ സല്‍മാന്‍ റുഷ്ദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകം രചിച്ചതിന്റെ പേരില്‍ ഷിയ വിഭാഗത്തില്‍നിന്ന് വധഭീഷണി നേരിട്ടിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ 1995 ല്‍ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഈ മാസം 25 ന് വാദം കേള്‍ക്കും. സുധാകരന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2016 ല്‍ കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.
മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്ക് 60 കോടി രൂപയുടെ പുതിയ കരാര്‍ ഈ മാസം 25 ന്. പുതിയ കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയില്‍നിന്ന് 75 കോടി രൂപ പിഴ ഈടാക്കുമെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ടു മാറ്റിയ എസ്‌കോര്‍ട്ട് ജീപ്പിലെ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആസാദ് കാഷ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന വിഘടനവാദികളുടേതാണ്. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ജലീലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും മുരളീധരന്‍.
കെഎസ്ആര്‍ടിസി ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപയില്‍ 15 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കി. ഇതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധിക്കു പരിഹാരമായി. പമ്പുകളില്‍ ഡീസല്‍ എത്തി. നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും.
ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ ടിസി ഹൈക്കോടതിയില്‍. ഡീസലിനുള്ള പണം ഉപയോഗിച്ചാണ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത്. 20 കോടി രൂപ തരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ധനവകുപ്പ് പാസാക്കിത്തന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.