പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ സി.എന്‍.ജി മോഡലിന്റെ ബുക്കിംങ് ടാറ്റ മോട്ടോഴ്സ് ആരംഭിച്ചു. എക്സ് ഇ, എക്സ എം+, എക്സ് ഇസെഡ്, എക്സ് ഇസെഡ്+ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന സി.എന്‍.ജി ആള്‍ട്രോസ് 21,000 രൂപ നല്കി ബുക്കു ചെയ്യാനാകും. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോ 2023ലാണ് ടാറ്റ മോട്ടോഴ്സ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ അവതരിപ്പിച്ചത്. മൂന്നാമത്തെ സി.എന്‍.ജി മോഡലാണ് ആള്‍ട്രോസിന്റെ രൂപത്തില്‍ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ട്വിന്‍ സിലിണ്ടര്‍ സി.എന്‍.ജി ടെക്നോളജി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരിക്കുന്നത് ആള്‍ട്രോസിലാണ്. 30 ലിറ്റര്‍ വീതം വഹിക്കാവുന്ന രണ്ട് സി.എന്‍.ജി സിലിണ്ടറുകളാണ് സി.എന്‍.ജി കിറ്റിലുള്ളത്. ലഗേജ് സ്പേസിനെ കാര്യമായി ബാധിക്കാത്ത വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 300 ലിറ്റര്‍ ബൂട്ട്സ്പേസാണ് ആള്‍ട്രോസ് ഐസിഎന്‍ജിക്കുള്ളത്. ഓപെറ ബ്ലൂ, ഡൗണ്ടൗണ് റെഡ്, ആര്‍കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ എത്തുന്നത്. തിയാഗോയുടേയും തിഗോറിന്റേയും സി.എന്‍.ജി മോഡലുകളുടെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് തന്നെയാണ് ആള്‍ട്രോസ് സി.എന്‍.ജിക്കുമുള്ളത്.