പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിന് കീഴിലെ സ്പോര്‍ട്സ് ബൈക്ക് ബ്രാന്‍ഡായ ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ പുത്തന്‍ മോഡലായ എം 1000 ആര്.ആര് ഇന്ത്യയിലെത്തി. പൂര്‍ണമായും ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വില്പന. ബൈക്കിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ തുടങ്ങി. വിതരണം നവംബര്‍ മുതല്‍. സ്റ്റാന്‍ഡേര്‍ഡ്, കോമ്പറ്റീഷന് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. സ്റ്റാന്‍ഡേര്‍ഡിന് 49 ലക്ഷം രൂപയും കോമ്പറ്റീഷന് 55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡിന് ലൈറ്റ് വൈറ്റ്, എം മോട്ടോര്‍സ്പോര്‍ട്ട് എന്നിങ്ങനെയും കോമ്പറ്റീഷന് ബ്ലാക്ക്സ്റ്റോം മെറ്റാലിക്, എം മോട്ടോര്‍സ്പോര്‍ട്ട് എന്നിങ്ങനെയും നിറഭേദങ്ങളുണ്ട്. ആഡംബരത്തിന്റെ പുത്തന്‍ ചേരുവകള്‍ ചേര്‍ത്തൊരുക്കിയ എം 1000 ആര്.ആര്, പെര്‍ഫോമന്‍സിലും പുലിയാണെന്ന് ബി.എം.ഡബ്ല്യു അവകാശപ്പെടുന്നു. 999 സി.സി എന്‍ജിനാണുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം നേടാന്‍ വെറും 3.1 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 314 കിലോമീറ്റര്‍.