ഐ5വിന് പിന്നാലെ ഇന്ത്യയില്‍ പുത്തന്‍ എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ഈ മോഡലിന് ഇന്ത്യയില്‍ 1.99 കോടി രൂപയാണ് വില. ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ബ്രൂക്ക്ലിന്‍ ഗ്രേ, ഫയര്‍ റെഡ്, കാര്‍ബണ്‍ ബ്ലാക്ക്, ഐസില്‍ ഓഫ് മാന്‍ ഗ്രീന്‍, സ്റ്റോം ബേ, മറീന ബേ ബ്ലൂ, ഫ്രോസന്‍ ഡീപ്പ്‌ഗ്രേ എന്നിവയാണ് പ്രധാന കളര്‍ ഓപ്ഷനുകള്‍. 4.4 ലീറ്റര്‍ വി 8 പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എം5വിന്റെ കരുത്ത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അധികമായി ഇലക്ട്രിക് മോട്ടോറിന്റേയും 18.6കിലോവാട്ട്അവര്‍ ബാറ്ററി പാക്കിന്റേയും കരുത്തുമുണ്ട്. എന്‍ജിന്‍ 585 പിഎസ് കരുത്തും പരമാവധി 750എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ 197പിഎസ് കരുത്തും 280എന്‍എം ടോര്‍ക്കും വാഹനത്തിന് നല്‍കും. രണ്ടും ചേര്‍ന്ന് എം5വിന്റെ കരുത്ത് 727പിഎസ്സും പരമാവധി ടോര്‍ക്ക് 1000 എന്‍എമ്മുമാക്കി മാറ്റും. വൈദ്യുതി മാത്രം ഇന്ധനമാക്കി 69 കീലോമീറ്റര്‍ സഞ്ചരിക്കാനാവും. ഹൈബ്രിഡ് കരുത്തുള്ള ബിഎംഡബ്ല്യു എം5വിന് 3.5 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാനാവും. ഇനി ഇവി മാത്രം ഉപയോഗിച്ചാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 140 കീലോമീറ്ററില്‍ ഒതുങ്ങും.