അടിസ്ഥാനപരമായി ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം. ഇടയിൽ വർഗീയമായി ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗ്ഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.എന്നാൽ ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നു വെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് യുഡിഎഫ് വിടില്ലെന്ന അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു.
വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. ഇനിയും ഈ വിഷയം തന്നെ ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യം കൊണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
സിപിഎമ്മിന്റെ ലീഗ് പ്രശംസയോട് ബിനോയ് വിശ്വത്തിന് അനുകൂല നിലപാടെങ്കിലും സിപിഐ നേതൃത്വത്തിന് അതിൽ അതൃപ്തിയുണ്ട്. ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകളെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. യുഡിഎഫ് വിടില്ലെന്ന ലീഗിന്റെ മറുപടി ചോദിച്ചു വാങ്ങിയത് പോലെയായി എന്നും സി പി ഐ ക്ക് അഭിപ്രായമുണ്ട്. ലീഗാണ് യു ഡി എഫിലെ അതൃപ്തിയെക്കുറിച്ച് ആദ്യം പറയേണ്ടതെന്നും സിപിഐ നേതൃത്വം പറയുന്നു.