ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഫോണ്‍ പേയില്‍ ഏകദേശം 100-150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ ഇടപാട് നടക്കുകയാണെങ്കില്‍ ഒരു പുതിയകാല സ്ഥാപനത്തിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപങ്ങളില്‍ ഒന്നായിരിക്കും ഇത്. പ്രൈവറ്റ് ഇക്വിറ്റി ഭീമന്‍മാരായ ജനറല്‍ അറ്റ്ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍, റിബിറ്റ് ക്യാപിറ്റല്‍ എന്നിവയില്‍ നിന്നും 12 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഫോണ്‍പേ ഇതിനകം 450 ദശലക്ഷം ഡോളര്‍ പ്രാഥമിക മൂലധനം സമാഹരിച്ചിട്ടുണ്ട്. ഫോണ്‍ പേയില്‍ 70 ശതമാനം ഓഹരിയുള്ള ഏറ്റവും വലിയ നിക്ഷേപകരാണ് വാള്‍മാര്‍ട്ട്. ഈ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പില്‍ പ്രതിമാസം 4 ബില്യണ്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. യുപിഐ നെറ്റ്വര്‍ക്കിലെ ഗൂഗിള്‍ പേ, ആമസോണ്‍ പേ, വാട്‌സ്ആപ്പ് പേ എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കുന്നു. 2016ല്‍ ഫോണ്‍ പേയെ ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു. സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍, ക്യൂര്‍ഫുഡ്, ക്ലൗഡ് കിച്ചന്‍ പ്ലാറ്റ്ഫോം, കള്‍ട്ട്ഫിറ്റ്, ന്യൂ ഏജ് ഇന്‍ഷുറന്‍സ് കമ്പനിയായ അക്കോ, ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി, അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് യുലു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു.