Untitled design 20241223 162050 0000

 

ക്രിസ്മസ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. എല്ലായിടത്തും ആഘോഷങ്ങളും തുടങ്ങി കഴിഞ്ഞു. ഇത് നമുക്ക് അറിയാക്കഥകളിലൂടെ ബൈബിളിനെ കുറിച്ച് ഒന്ന് നോക്കാം…!!!

 

ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്.

 

എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

യഹൂദരുടെ ബൈബിളിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്തീയ ബൈബിൾ. പഴയ നിയമ ഗ്രന്ഥങ്ങൾ മാത്രമുള്ള യഹൂദ ബൈബിൾ രക്ഷകന്റെ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ യേശുവിൽ ഈ രക്ഷകനെക്കണ്ടെത്തുകയാണ് ക്രിസ്തീയ ബൈബിളിന്റെ ധർമ്മം. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമമാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

 

ഹീബ്രു ബൈബിളിലെ എല്ലാ പുസ്തകങ്ങളും ക്രിസ്തീയ ബൈബിളിന്റെ പഴയനിയമത്തിലുണ്ട്. എന്നാൽ പല പെന്തക്കോസ്ത് സമൂഹങ്ങളും ഇതിൽ പല ഗ്രന്ഥങ്ങളും കൂട്ടിച്ചേർത്തതാണെന്ന് പറയുന്നുണ്ട് . ഇങ്ങനെ കൂട്ടിച്ചേർത്തു എന്ന് അവർ പറയുന്ന ഗ്രന്ഥങ്ങളെ അവർ. അപ്പോക്രിഫ എന്ന് വിളിക്കുന്നു.ഇതു പോലെ തന്നെ കിഴക്കൻ ഓർത്തഡോക്സ് സഭയായ റഷ്യൻ ഓർത്തഡോക്സ് സഭ എസ്തേർ 2 കൂടി അംഗീകരിച്ച് ചേർത്തിട്ടുണ്ട്.

 

ക്രിസ്തീയ ബൈബിളിലെ പുസ്തകങ്ങളുടെ എണ്ണം ഒരോ ക്രിസ്തീയ വിഭാഗത്തിലും വ്യത്യസ്തമാണെങ്കിലും വിശുദ്ധ ബൈബിളിന്റെ ഉള്ളടക്കത്തിലും അത് മുൻപോട്ട് വയ്ക്കുന്ന പ്രധാന ആശയവുമായ ഈശോ മിശിഹാ വഴിയായുള്ള രക്ഷയുടെയും കാര്യത്തിലും അത് ഏകതാനത പുലർത്തുന്നു.Bible Society പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തിൽ ആകെ 39 പുസ്തകങ്ങളുണ്ട്.

 

യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്നതാണ് ക്രിസ്തീയ ബൈബിളിലെ പുതിയ നിയമം.ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ൽ മലബാർ സന്ദർശിച്ചു.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ ആരംഭിച്ചു.

ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു.

 

അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു.1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജുമ പ്രസിദ്ധീകരിച്ചു.

 

1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജുമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ൽ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു.ബെയ്‌ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

 

വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിൾ ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കർത്താക്കളിൽ ഒരാളായ ഹെർമ്മൻ ഗുണ്ടർട്ടാ‍ണ്.പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു.പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷൻ പ്രസ്സിൽ നിന്നും 1854-ൽ പ്രസിദ്ധം ചെയ്തു. 1859-ൽ പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.

 

തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.

 

1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.2004 ഓഗസ്റ്റ് 14നു് സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം ഇന്റർനെറ്റിൽ ആദ്യമായിനിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു.കത്തോലിക്ക സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഓ.സി. ബൈബിളും സൗജന്യമായി ഇന്റർനെറ്റിൽ ലഭ്യമാണ്.

 

യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക ബൈബ്ബിളായ വിശുദ്ധ ഗ്രന്ഥവും ഇന്റർനെറ്റിൽ ലഭ്യമാണ്. വിശുദ്ധ ഗ്രന്ഥം ഓഡിയോ രൂപത്തിലും ലഭ്യമാണ്. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “പുതിയ ലോക ഭാഷാന്തരം ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകൾ” pdf രൂപത്തിലും ഓൺലൈനായും ലഭ്യമാണ്. മറ്റു പല പരിഭാഷകളിലും നീക്കം ചെയ്തിരിക്കുന്ന യഹോവ എന്ന ദൈവനാമം ഉചിതമായ 237 സ്ഥാനങ്ങളിൽ പുനസ്ഥാപിച്ചിരിക്കുന്നു എന്നതാണ് ഈ പരിഭാഷയുടെ മുഖ്യസവിശേഷത. ബൈബിളിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. നമ്മുടെ മതഗ്രന്ഥങ്ങളെ കുറിച്ച് നമുക്ക് കൃത്യമായ അറിവും ഉണ്ടായിരിക്കണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *