ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഏതാണെന്ന് ചോദിച്ചാല്‍, ഒന്നുകില്‍ ഏറ്റവും ലേറ്റസ്റ്റ് ഐഫോണ്‍ അല്ലെങ്കില്‍ സാംസങ്ങിന്റെ ഗ്യാലക്‌സി എസ് സീരീസിലുള്ള ഏതെങ്കിലും ഫോണ്‍ -ഇതൊക്കെയായിരിക്കും മിക്ക ആളുകളുടെയും ഉത്തരം. എന്നാല്‍, ഏറ്റവും മികച്ച ഫോണ്‍ അവയൊന്നുമല്ല, സാക്ഷാല്‍ ഗൂഗിളിന്റെ ‘പിക്‌സല്‍ 8 സീരീസ്’ ഫോണുകളാണ്. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മികച്ച സ്മാര്‍ട്ഫോണിനുള്ള ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്സ് (ഗ്ലോമോ) ലഭിച്ചിരിക്കുന്നത് പിക്സല്‍ 8 സീരീസിനാണ്. ഐഫോണ്‍ 15 പ്രോ സീരീസ്, സാംസങിന്റെ എസ് 23 സീരീസ്, ഗാലക്സി സെഡ് ഫ്ളിപ്പ് 5, വണ്‍ പ്ലസ് ഓപ്പണ്‍ തുടങ്ങിയ ഫോണുകളെയാണ് ഗൂഗിളിന്റെ പിക്‌സല്‍ 8 സീരീസ് തോല്‍പ്പിച്ചിരിക്കുന്നത്. 2016-ലാണ് ഗൂഗിള്‍ ആദ്യത്തെ പിക്‌സല്‍ ഫോണ്‍ വിപണിയിലെത്തിക്കുന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ആരെയും അസൂയപ്പെടുത്തുന്ന നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഗൂഗിള്‍ ഏറ്റവും മികച്ച സ്മാര്‍ട്ഫോണിനുള്ള പുരസ്‌കാരം നേടുന്നത്. ഇതിന് മുമ്പ് ആപ്പിളും സാംസങ്ങും മാത്രമായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നത്. മികച്ച പെര്‍ഫോമന്‍സ്, അതി നൂതനത്വം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പിക്സല്‍ ഫോണുകള്‍ക്ക് പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്നാണ് ഗ്ലോമോ പുരസ്‌കാരം നല്‍കുന്ന ജിഎസ്എംഎ എന്ന സംഘടന പറയുന്നത്. അപ്ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമൊക്കെയായാണ് പിക്സല്‍ 8 സീരീസ് എത്തിയത്.