ലിപ്‌ലോക്ക്
ബെല്‍ അമി | അദ്ധ്യായം 24 | രാജന്‍ തുവ്വാര
പുലര്‍ച്ചെ 1.30 ന് കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്ന് ജനീവയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ചാരുമതിക്കും ജൂഡിത്തിനും പോകേണ്ടിയിരുന്നത്. രാത്രി പത്തുമണിയോടെ അവര്‍ ചെക് ഇന്‍ ചെയ്യാനായി അകത്തു കയറിയപ്പോള്‍ ഞാനും മധുമതിയും മടങ്ങി. മധുമതി ഡ്രൈവ് ചെയ്തു.
തിരികെ വണ്ടിയോടിക്കുന്നതിനിടെ മധുമതി ഞാന്‍ ചോദിച്ചതിന് ഉണ്ട്, ഇല്ല എന്നീ മട്ടിലുള്ള നാമമാത്ര ഉത്തരങ്ങള്‍ മാത്രം ശബ്ദിച്ചു.
കാര്‍ പോര്‍ച്ചില്‍ കയറ്റി ഇട്ട് മധുമതി പൂമുഖത്തേക്ക് കയറുന്നതിനുമുന്‍പ് ഞാന്‍ പറഞ്ഞു:
‘എനിക്ക് അല്‍പനേരം നിന്നോട് സംസാരിക്കണം.’
അവളുടെ മുഖം വല്ലാതെ മങ്ങിയിരുന്നു.
അവള്‍ പൂമുഖത്തെ സെറ്റിയില്‍ തളര്‍ന്നുകിടന്നു. അവള്‍ കരയുന്നത് നിശബ്ദമായാണ്. കണ്ണീരൊഴുന്നുണ്ട്. കവിളിലൂടൊഴുകി സോഫയിലെ തലയിണയിലെത്തിയ കണ്ണീരിന്റെ പാടുകള്‍ ഞാന്‍ കണ്ടു.
‘മധുമതി,’ ഞാന്‍ സൗമ്യമായി വിളിച്ചു.
അവള്‍ മെല്ലെ തലയുയര്‍ത്തി. അവളുടെ കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്. ചാരുമതിയും ജൂഡിത്ത് മോര്‍ഗനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് അറിഞ്ഞ ആ നിമിഷം മുതല്‍ മധുമതി സങ്കടവതിയാണ്.
‘നീ ധൈര്യവതിയാണെന്നാണ് ഞാന്‍ നിന്നെ ആദ്യമായി കണ്ട നിമിഷം മുതല്‍ എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ നിന്നില്‍ ആ തന്റേടത്തിന്റെ നേരിയ ആവരണം പോലും ഞാന്‍ കാണുന്നില്ല.’
ഞാന്‍ പറഞ്ഞതുകേട്ട് കണ്ണുകള്‍ ചെരിച്ചുകൊണ്ട് അവള്‍ എന്നെ നോക്കി. നിസ്സഹായതകൊണ്ട് തളര്‍ന്നുപോയ കണ്ണുകള്‍.
‘എഴുന്നേറ്റുവന്നു കിടക്കാന്‍ നോക്ക്.’
ഞാന്‍ പറഞ്ഞതുകേട്ട് അവള്‍ എഴുന്നേറ്റിരുന്നു. ഞാന്‍ അവളെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അപ്രതീക്ഷിതമായി നിയന്ത്രണംവിട്ടതുപോലെ അവള്‍ എന്റെ ദേഹത്തേക്ക് ചാഞ്ഞു. അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാന്‍ ബെല്‍ അമിയിലെ ഇടതുവശത്തെ മുറിയിലെ കട്ടിലിനു നേര്‍ക്ക് നടന്നു. പുറകില്‍ നിന്നു കാണുന്നവര്‍ക്ക് ഞങ്ങള്‍ ആലിംഗനബദ്ധരായിക്കൊണ്ട് നടക്കുകയാണെന്ന് തോന്നും. അവളെ കട്ടിലിലിരുത്തി ഞാന്‍ പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോള്‍ ഭയത്തിന്റെ ലാഞ്ചനയുള്ള ശബ്ദത്തില്‍ മധ്യവയസ്സിലെത്തിയ, ഇപ്പോഴും പ്രണയത്തിന്റെ സൗന്ദര്യമൊഴുകുന്ന കണ്ണുകളുള്ള ആ സുന്ദരി എന്റെ കൈകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു:
‘പ്ലീസ് ഡോണ്ട് ലീവ് മി എലോണ്‍, വിജയ്.’
ഞാന്‍ പതിയെ അവളെ കട്ടിലില്‍ ഇരുത്തി.
‘ഞാന്‍ മുന്നിലെ ഗേറ്റും വാതിലും അടച്ചിട്ടു വരാം.’
ഗേറ്റും വാതിലുമടച്ച് തിരികെയെത്തി ആ കട്ടിലില്‍ ഇരുന്നതും അവളെന്നെ മുറുകെപ്പുണര്‍ന്നു.
ഒരിക്കല്‍ ഞാനും ജൂഡിത്തും ചാരുമതിയും ഒരുമിച്ചു ശയിച്ച കട്ടിലില്‍, ആദ്യമായി ഒരുമിച്ചു ശയിക്കുന്ന കാമമോഹിതരെപ്പോലെ ഞങ്ങള്‍ പ്രണയലീലകളിലേര്‍പ്പെട്ടു. അനന്തരം മൈഥുനാലസ്യത്തില്‍ എന്റെ നെഞ്ചില്‍ ആരേയും മോഹിപ്പിക്കുന്ന വലിയ വക്ഷോജങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് കിടക്കുന്ന പ്രണയലോലുപയായ ആ കലാകാരിയോട് ഞാന്‍ രണ്ടു കാര്യങ്ങള്‍ പറഞ്ഞു:
‘ഇന്നുമുതല്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു ശയിക്കും. നാളെമുതല്‍ ഞാന്‍ എഴുത്തിന്റെ പുതിയൊരദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ലോകോത്തര ചിത്രകാരിയായ മധുമതി ഈ വീട് ചിത്രകലയുടെ അത്ഭുതവേദിയാക്കും. എനിക്കത് കാണാന്‍ അനല്പമായ മോഹമുണ്ട്.’
എന്റെ ആഗ്രഹങ്ങളോട് പൂര്‍ണമായും സമവായപ്പെടുന്ന മട്ടില്‍ അവള്‍ പുഞ്ചിരിച്ചു: കുറെ ദിവസങ്ങളായി അവളുടെചുണ്ടിലും കണ്ണിലും തെളിഞ്ഞിട്ടില്ലാത്ത പുഞ്ചിരി. ആത്മവിശ്വാസവും പ്രണയവും ജീവിതാസക്തിയും കവിഞ്ഞൊഴുകുന്നുണ്ട് ആ മന്ദഹാസത്തില്‍.
വാര്‍ധക്യത്തിന്റെ കവാടാത്തിനുമുന്നിലാണ് കിടക്കുന്നതെന്ന വാസ്തവം അംഗീകരിക്കുവാന്‍ സന്ദേഹിക്കുന്ന മട്ടിലുള്ള തിളക്കം അവളുടെ കണ്ണുകളില്‍.
എന്റെ കീഴ്ചുണ്ട് കീഴടക്കിക്കൊണ്ട് ഇതുവരെ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത തീവ്രതയോടെ, അവള്‍ ഒരിക്കല്‍ കൂടി എന്നെ പ്രണയിക്കാന്‍ തുടങ്ങി.
(അവസാനിച്ചു)
Copy Right Reserved