2014-15 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ 1.61 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്. അതായത്, എഴുതിത്തള്ളിയ ഓരോ അഞ്ച് രൂപയുടെ വായ്പയില്‍ ഒരു രൂപ പോലും തിരികെപ്പിടിക്കാന്‍ ഇക്കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രം എഴുതിത്തള്ളിയ വായ്പകളില്‍ 50 ശതമാനവും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയവയാണ്. 5 കോടി രൂപയ്ക്കുമേല്‍ വായ്പാ ബാധ്യതയുള്ള 2,300 പേര്‍ മൊത്തം രണ്ട് ലക്ഷം കോടി രൂപ മനഃപൂര്‍വം കുടിശിക വരുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വായ്പ എഴുതിത്തള്ളി എന്നതിന് അര്‍ത്ഥം ഇടപാടുകാരന്‍ വായ്പ ഇനി തിരിച്ചടയ്ക്കുകയേ വേണ്ട എന്നല്ല. കിട്ടാക്കടമായ വായ്പകള്‍ ബാലന്‍സ്ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്ന ബാങ്കിന്റെ നടപടിക്രമം മാത്രമാണ് ഈ എഴുതിത്തള്ളല്‍.ഇത് ബാലന്‍സ്ഷീറ്റ് മെച്ചപ്പെട്ടതെന്ന് കാണിക്കാനുള്ള മാര്‍ഗം മാത്രമാണ്. വായ്പ എടുത്തയാള്‍ പലിശസഹിതം വായ്പ തിരിച്ചടയ്ക്കുക തന്നെ വേണം. അല്ലെങ്കില്‍ ബാങ്ക് ജപ്തി അടക്കമുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങും.അതേസമയം, ഇത്തരത്തില്‍ ബാലന്‍സ്ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് നീക്കിവയ്ക്കുന്ന കിട്ടാക്കടങ്ങള്‍ തിരികെപ്പിടിക്കാന്‍ ബാങ്കുകളുടെ ശ്രമം ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍.