റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് അര ശതമാനം കുറച്ചതിനു പിന്നാലെ വായ്പാ നിരക്കും നിക്ഷേപ നിരക്കും കുറച്ച് പ്രമുഖ ബാങ്കുകള്‍. വായ്പനിരക്ക് കുറഞ്ഞത് ഭവനവായ്പ എടുത്തവര്‍ക്കുള്‍പ്പെടെ ഗുണം ചെയ്യും. എസ്.ബി.ഐ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഇനി മുതല്‍ 20 ബേസിസ് പോയന്റുകളായിരിക്കും. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള എഫ്.ഡികള്‍ക്ക് 7.2 ശതമാനവും രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ളവക്ക് ഇപ്പോള്‍ 7.4ശതമാനവും പലിശ ലഭിക്കും. 50 ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 2.75 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവുമാണ് പുതിയ നിക്ഷേപ നിരക്കെന്ന് എച്ച്.ഡി.എഫ്.സി ബാങ്കും അറിയിച്ചു. മൂന്നു കോടി രൂപയില്‍ താഴെയുള്ള എഫ്.ഡി നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് കുറച്ചു. 91 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനവും 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75ശതമാനവുമാണ് പുതിയ നിരക്ക്. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ ലഭിക്കും. എസ്.ബി.ഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകള്‍ വായ്പാ നിരക്കുകളില്‍ ഇളവ് വരുത്തി. എസ്.ബി.ഐ 25 ബേസിസ് പോയന്റ് കുറച്ച് 8.25 ശതമാനമായി പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര നിരക്കുകള്‍ 8.65 ശതമാനമായി കുറക്കുമെന്ന് അറിയിച്ചു.