സൂപ്പര്‍ ബൈക്കായ പള്‍സര്‍ എന്‍എസ് 400 ഇസെഡിന്റെ ആഗോള ലോഞ്ചിന് പിന്നാലെ പള്‍സര്‍ എഫ്250 2024 മോഡലും അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ്. കറുത്ത നിറത്തില്‍ ചുവപ്പ്, തവിട്ട് നിറത്തിലുള്ള ഗ്രാഫിക്സോടുകൂടിയാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. പള്‍സര്‍ ശ്രേണിയിലുള്ള ഈ പുതിയ ബൈക്കിന് കൂടുതല്‍ ആകര്‍ഷണം നല്കാന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ അടക്കം നിരവധി മറ്റു സവിശേഷതകളും ബൈക്കിന് ഉണ്ട്. പള്‍സര്‍ ച250ന് സമാനമായ ഫ്രെയിമും എന്‍ജിനും വീലുകളുമാണ് ഇതിലും ക്രമീകരിച്ചിരിക്കുന്നത്. 249.07 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 8750 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 21.5 എന്‍എം ടോര്‍ക്കും നല്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് മറ്റൊരു പ്രത്യേകത. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎസ്ഡി ഫോര്‍ക്ക് ഇതില്‍ ക്രമീകരിച്ചിട്ടില്ല. എന്നാല്‍ ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, എബിഎസ് മോഡ് എന്നി ഫീച്ചറുകള്‍ ഇതില്‍ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ എന്ന് വാഹനം ലോഞ്ച് ചെയ്യുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. ഒന്നരലക്ഷത്തിന് മുകളില്‍ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.