ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചര്‍മത്തില്‍ ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചര്‍മം കൂടുതല്‍ തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും. ഐസ് ക്യൂബ്‌സ് ഉപയോഗം പൊതുവെ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്‍ഘനേരം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നതും നന്നല്ലെന്ന് വിദഗ്ധര്‍ പറയുന്നു. വൃത്തിയുള്ള ഐസ് ക്യൂബ്‌സ് വേണം ചര്‍മത്തില്‍ പ്രയോഗിക്കാന്‍. സ്‌കിന്‍ കെയറിന് വേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ചര്‍മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. വളരെ മൃദുലമായി വൃത്താകൃതിയില്‍ വേണം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കാന്‍. അമിതമായി ബലം പ്രയോഗിക്കുന്നത് ഒഴിവാക്കണം കാരണം ഇത് ചര്‍മത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്‍ മോയിസ്ച്ചറൈസര്‍ തേക്കണം. ഇത് ചര്‍മത്തില്‍ ജലാംശം ഉറപ്പാക്കുകയും വരണ്ടു പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. സെന്‍സിറ്റീവ് ചര്‍മമോ ഏന്തെങ്കിലും അസ്വസ്ഥത ഉള്ള അവസ്ഥയോ ആണെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രമേ ഇത്തരം പൊടികൈകള്‍ ചെയ്യാവൂ. നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതാണ് അഭികാമ്യം.
ഐസ് ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം
