ലോകപ്രശസ്ത പണംവാരി സിനിമകളുടെ പട്ടികയിലേക്കു കുതിക്കുകയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍ 2. ആഗോള തലത്തില്‍ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സിനിമ സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. പണംവാരിയ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവതാര്‍ 2 ഇപ്പോള്‍. ടോം ക്രൂസ് ചിത്രം ടോപ്പ് ഗണ്‍ മാവറിക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ആഗോള കളക്ഷന്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുവരെ 18 കോടിയാണ് കേരളത്തില്‍നിന്ന് അവതാര്‍ 2 വാരിയത്. അതേസമയം സിനിമയുടെ ആഗോള കളക്ഷന്‍ 881.3 മില്യന്‍ ഡോളര്‍ (7291 കോടി) പിന്നിട്ടുകഴിഞ്ഞു. അവതാര്‍ ആദ്യഭാഗം നേടിയ ആഗോള കളക്ഷന്‍ 2.91 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 460 മില്യന്‍ ഡോളര്‍ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിര്‍മിച്ചിരിക്കുന്നത്.