ഉത്സവകാലത്ത് അതിഗംഭീര പ്രകടനം കാഴ്ചവച്ച് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍. ഉത്തരേന്ത്യ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ മുതല്‍ ഉത്സവകാലത്തിന് തുടക്കമായതോടെ വാഹന വിപണി കൂടുതല്‍ കരുത്ത് നേടിയിരിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, എംജി ഹെക്ടര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളെല്ലാം ഒക്ടോബറില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. ഇത്തവണയും കാറുകളുടെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് മാരുതി സുസുക്കിയാണ്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധിക വര്‍ദ്ധനവ് നേടാന്‍ ഇത്തവണ മാരുതിക്ക് സാധിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വാഹന വില്‍പ്പന 6 ശതമാനം വര്‍ദ്ധനവോടെ 80,825 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 76,537 വാഹനങ്ങളുടെ വില്‍പ്പനയാണ് ഉണ്ടായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന വില്‍പ്പന ഇക്കാലയളവില്‍ 32 ശതമാനം ഉയര്‍ന്ന് 80,679 യൂണിറ്റായി. അതേസമയം, ആഭ്യന്തര വിപണിയില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 36 ശതമാനം വര്‍ദ്ധിച്ച് 43,708-ല്‍ എത്തി.