sabha tv 1

നിയമസഭാ ടിവി നടത്തിപ്പിനു സ്വകാര്യ കമ്പനിയെ ഒഴിവാക്കി. ഒടിടി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കും. സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ് അടക്കം ആറു തസ്തികകളില്‍ നിയമനം നടത്തും.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഇതേക്കുറിച്ചു പഠിക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഉടനേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു.

ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 140 പേര്‍ മരിച്ചു. ശ്വാസംമുട്ടിയും പരിക്കേറ്റും നൂറിലേറേ പേരെ ആശുപത്രികളില്‍ എത്തിച്ചു. വിശുദ്ധരുടേയും മരിച്ചവരുടേയും ഓര്‍മദിനം ആഘോഷിക്കാന്‍ വളരെ ഇടുങ്ങിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ തിങ്ങിക്കൂടിയതാണ് അപകടത്തിനു കാരണമായത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനാണ് കേന്ദ്രസര്‍ക്കാര്‍ ഐടി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നതെന്ന്  മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. വാര്‍ത്താ ചാനലുകളെയെല്ലാം നിയന്ത്രിച്ചു വരുതിയിലാക്കിയ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണിടുകയാണ്. വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം തീരുമാനം. കേന്ദ്ര കമ്മറ്റിയിലാണു തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടു വരും.

പാനീയം കുടിച്ച് പാറശാല സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ വനിതാ സുഹൃത്തിനെ ഇന്നു ചോദ്യം ചെയ്യും. ഇന്നു ഹാജരാകണമെന്ന് അന്വേഷണസംഘമായ ക്രൈംബ്രാാഞ്ച് ആവശ്യപ്പെട്ടു. കേസന്വേഷണത്തിനു ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. രണ്ടാഴ്ച മുന്‍പ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.

ഭാരത് ലൈവ് ഓണ്‍ലൈന്‍ ടിവി ഉടമ ജസ്റ്റിന്‍ ഡൊണാള്‍ഡിന്റെ മരണത്തില്‍ ദുരൂഹത. ബന്ധുക്കളുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. പുലര്‍ച്ചെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ ജസ്റ്റിന്‍ ഡൊണാള്‍ഡ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മിസോറാം ഗവര്‍ണറായിരുന്നപ്പോഴും ഇപ്പോള്‍ ഗോവ ഗവര്‍ണര്‍ ആയപ്പോഴും മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളില്‍ ചായ കുടിച്ചു സംസാരിച്ചാല്‍ എല്ലാ പ്രശ്നവും തീരുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോതി ബീച്ചിനു സമീപം കടല്‍ 70 മീറ്ററോളം ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. കാണാന്‍ നിരവധി പേരാണ് എത്തിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം പതിനയ്യായിരം കോടി രൂപയുടെ ഇടപാടുകള്‍ ലഭിക്കുമെന്ന്   മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്കു ലഭിക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നതിനെച്ചൊല്ലി നാദാപുരം എടച്ചേരിയില്‍ സംഘര്‍ഷം. എടച്ചേരിയിലെ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടി. സിപിഐ പ്രവര്‍ത്തകരെത്തി പാര്‍ട്ടി കൊടി വീണ്ടും ഉയര്‍ത്തി. സിപിഐ വിട്ട അമ്പതോളം പേരാണു സിപിഎമ്മില്‍ ചേര്‍ന്നത്.

കൊല്ലം കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രിക്കു പരാതി. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ പൊലീസിന്റെ വകുപ്പുതല നടപടികളും നീതിയും വൈകുന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.

എറണാകുളം വൈപ്പിനില്‍ സിഐടിയു ഭീഷണി മുഴക്കി ഉപരോധ സമരം നടത്തുന്ന ഗ്യാസ് ഏജന്‍സിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സിഐടിയുവിനെതിരെ തുടര്‍ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.

കിഴുക്കാനത്ത് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത ആറു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍.

ശബരിമല സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയാണോയെന്ന് സംശയമുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

ഭാരത് രാഷ്ട്ര സമിതിയിലെ എംഎല്‍എമാരെ കോടികള്‍ കോഴ നല്‍കി കൂറുമാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെലങ്കാനയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ ഹൈക്കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡു ചെയ്യണമെന്ന പോലീസിന്റെ അപേക്ഷ തള്ളിയ കീഴ്‌ക്കോടതി ഇവരെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പൊലീസ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കസ്റ്റഡി അനുവദിച്ചത്.

തെലങ്കാന എംഎല്‍എമാരെ ബിജെപി വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റു ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നേരത്തെ ഡല്‍ഹിയിലും പഞ്ചാബിലും അടക്കം എട്ടു സംസ്ഥാനങ്ങളില്‍ ബിജെപി എംഎല്‍മാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ജമ്മുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും എട്ട് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ബിജെപിക്കു മാത്രമേ കഴിയൂവെന്ന് ഇവര്‍ പറഞ്ഞു.

തെലങ്കാനയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രക്കിടെ ആദിവാസികള്‍ക്കൊപ്പം ഗോത്രനൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ തരംഗമായി. ധര്‍മ്മപുരിക്കു സമീപം ഭദ്രാചലത്തില്‍ ആദിവാസികള്‍ക്കൊപ്പം ‘കൊമ്മു കോയ’ എന്ന പരമ്പരാഗത നൃത്തത്തിലാണ് രാഹുലും പങ്കെടുത്തത്.

കര്‍ണാടക മുഖ്യമന്ത്രി ദീപാവലിക്കു മധുര പലഹാരങ്ങള്‍ക്കൊപ്പം പണം നിറച്ച ദീപാവലി ബോക്സുകള്‍ സമ്മാനിച്ചതിനെതിരേ മാധ്യമപ്രവര്‍ത്തകര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഓഫീസില്‍ നിന്നാണെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു സമ്മാനിച്ച ബോക്സുകളില്‍ ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ രൂപയുണ്ടായിരുന്നു. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ കോഴ ബോക്സ് സ്വീകരിച്ചില്ല.

ടൂറിസ്റ്റ് വിസയില്‍ എത്തി മതപ്രബോധനം നടത്തിയ ഏഴ് ജര്‍മന്‍ പൗരന്മാരെ ആസാം പൊലീസ് കസ്റ്റഡിയിലെടുത്തു. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഒക്ടോബര്‍ 25 മുതല്‍ സംഘത്തെ കസ്റ്റഡിയിലാക്കിയത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ടു കുട്ടികളെ മര്‍ദിച്ച് കാലുകള്‍ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. കുട്ടികള്‍ക്ക് മാരകമായി പരിക്കേറ്റു. പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പോലീസ് കേസെടുത്തു.

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയമെന്ന് റിപ്പോര്‍ട്ട്. 29.2 ലക്ഷം പേരാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നത്. 29.1 ലക്ഷം പേര്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ്  തൊട്ടുപിന്നില്‍. ജര്‍മനി ആസ്ഥാനമായുള്ള മാര്‍ക്കറ്റ് ആന്‍ഡ് ഡാറ്റ അനസൈലിങ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *