കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും തമ്മില്‍ മല്‍സരം. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയഗാന്ധിയോടു മാപ്പ് പറഞ്ഞെന്നും ഗെലോട്ട് വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് ശശി തരൂരും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗും പത്രിക നല്‍കും. ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്നു കുറിച്ചുകൊണ്ട് ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവച്ചു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടുകയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
രണ്ട് ദേശീയ ഉദ്യാനങ്ങള്‍ക്ക് ബഫര്‍ സോണ്‍ നിയമത്തില്‍നിന്ന് സുപ്രീം കോടതി ഇളവു നല്‍കി. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്‌ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ്. മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇളവ് അനുവദിച്ചത്.
ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് വിദഗ്ധ സമിതി.
നാളെ മുതല്‍ കെഎസ്ആര്‍ടിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും. തൊഴിലാളി നേതാക്കളുമായി മാനേജ്‌മെമെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. നാളെ മുതലുള്ള പണിമുടക്കില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.
ചട്ടം ലംഘിച്ച് നിര്‍മിച്ച മണ്ണാര്‍ക്കാട് നഗരസഭ അധ്യക്ഷന്‍ സി മുഹമ്മദ് ബഷീറിന്റെ ഷോപ്പിംഗ് കോംപ്‌ളക്‌സ് നികുതി വെട്ടിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ട്. 1991.29 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ 2013 ലാണ് മുഹമ്മദ് ബഷീറിന് അനുമതി ലഭിച്ചത്. ഇപ്പോള്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം 7,528.88 ചതുരശ്ര മീറ്ററാണ്. അനുമതിയില്ലാതെ 5,537.59 ചതുരശ്ര മീറ്റര്‍ നിര്‍മിച്ചു. 6497.55 ചതുരശ്ര മീറ്ററിന് നികുതി ഈടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2,500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയില്‍ പ്രകടനം നടത്തിയ ഏഴു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഏഴുപേരും ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.
തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.
കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി സ്വദേശികളായ ഗോകുല്‍, മെബിന്‍ എന്നിവരാണ് പിടിയിലായത്.
സിബിഐ രാജ്യവ്യാപകമായി ‘ഓപ്പറേഷന്‍ ഗരുഡ’ എന്ന പേരില്‍ നടത്തിയ ലഹരിവേട്ടയില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകള്‍ റെജിസ്റ്റര്‍ ചെയ്തു. പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എം വണ്‍ കാറ്റഗറിയിലുള്ള പാസഞ്ചര്‍ കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ കാറുകള്‍ക്ക് മുതല്‍ വിലകൂടും. ഡ്രൈവറെ കൂടാതെ എട്ടു സീറ്റുകള്‍ വരെയുള്ള കാറുകളാണ് എം 1 കാറ്റഗറിയിലുള്ളത്.