പഞ്ചതീര്‍ത്ഥത്തിലെ അപ്‌സരസുകള്‍
(മിത്തുകള്‍, മുത്തുകള്‍: 1 – മഹാഭാരതം കഥ – പുനരാഖ്യാനം: ഫ്രാങ്കോ ലൂയിസ്)
തീര്‍ത്ഥയാത്രയ്ക്കിടെ അര്‍ജുനന്‍ ഗംഗാതീരത്തെത്തി. നല്ല ക്ഷീണം. പുണ്യനദിയില്‍ ഒന്നു മുങ്ങിക്കുളിക്കാം. അര്‍ജുനന്‍ ഗംഗയില്‍ സ്നാനത്തിനിറങ്ങി. കുളിച്ചശേഷം കരയിലേക്കു നീന്തിക്കയറാനാഞ്ഞപ്പോള്‍ അനങ്ങാനാവുന്നില്ല. പുഴയുടെ അടിത്തട്ടിലേക്ക് തന്നെ ആരോ വലിച്ചിഴച്ചു കൊണ്ടുപോകുന്നു. നദിയുടെ അഗാധതയിലേക്ക് താഴ്ന്നുപോകുകയാണ്.
കുറേക്കഴിഞ്ഞപ്പോള്‍ നദിയുടെ അടിത്തട്ടില്‍ മനോഹരമായ ഒരു നഗരം. നഗരത്തിലെ ഒരു കൊട്ടാരത്തിലാണ് അര്‍ജുനന്‍ എത്തിയത്. കൊട്ടാര മട്ടുപ്പാവിലെ സിംഹാസനങ്ങളിലൊന്നില്‍ സുന്ദരിയായ നാഗകന്യക. ഉലൂപിയെന്നാണു പേര്. കൗരവ്യര്‍ വാഴുന്ന നാഗരാജ്യത്തിലാണ് താനെത്തിയതെന്ന് അര്‍ജുനനു മനസിലായി. പക്ഷേ, എന്തിനാണു തന്നെ ഇവിടേക്കു വലിച്ചിഴച്ചതെന്നു മനസിലായില്ല.
കൗരവ്യന്റെ പുത്രിയായ ഉലൂപി അദ്ദേഹത്തെ ഉപചാരപൂര്‍വം സ്വീകരിച്ചു. അര്‍ജുനനെ ഏറെക്കാലമായി ആരാധിച്ചിരുന്നവളാണ് ഉലൂപി. അദ്ദേഹത്തെ ഭര്‍ത്താവാക്കണമെന്ന് അവള്‍ക്ക് അതിയായ മോഹവുമുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് അര്‍ജുനന്‍ ഗംഗയില്‍ കുളിക്കാനിറങ്ങിയത്. കിട്ടിയ അവസരം ഉലൂപി പാഴാക്കുമോ? വിവാഹഭ്യര്‍ത്ഥന നടത്താന്‍ സ്വന്തം ആകര്‍ഷണശക്തി ഉപയോഗിച്ച് അര്‍ജുനനെ നാഗരാജ്യത്തേക്കു കൊണ്ടുവന്നത് താന്‍ തന്നെയാണെന്ന് അവള്‍ സമ്മതിച്ചു. കൈവിടരുതെന്ന യാചന പിറകേ.
ഒടുവില്‍ അര്‍ജുനന്‍ സമ്മതംമൂളി. അങ്ങനെ അവര്‍ വിവാഹിതരായി. തീര്‍ത്ഥയാത്ര തുടരേണ്ടതിനാല്‍ അര്‍ജുനന്‍ വേഗം അവിടെനിന്ന് യാത്രയായി. നാഗരാജ്യം വിടുമ്പോള്‍ അര്‍ജുനന് ഉലൂപി ഒരു വരം നല്കി- ”ജലജീവികളെല്ലാം അങ്ങയുടെ അടിമകളായിരിക്കും.
ഗംഗാനദിയിലൂടെത്തന്നെ അദ്ദേഹം പുറത്തുകടന്നു. വീണ്ടും തീര്‍ത്ഥയാത്ര. ദക്ഷിണാസമുദ്ര തീരത്തെത്തി. വനത്തിലെ പഞ്ചതീര്‍ത്ഥങ്ങള്‍ക്കരികില്‍ കുറേ മഹര്‍ഷിമാര്‍ തപസനുഷ്ഠിച്ചിരുന്നു. അടുത്തടുത്ത് അഞ്ചു കുളങ്ങള്‍. ഇവയ്ക്കു പുണ്യശക്തിയുണ്ടെന്നാണു വിശ്വാസം. അതുകൊണ്ടു പഞ്ചതീര്‍ത്ഥമെന്നു പേര്. പക്ഷേ, ഈ തീര്‍ത്ഥങ്ങളിലിറങ്ങി കുളി ക്കാനോ വെള്ളമെടുക്കാനോ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തപശ്ശക്തിയുള്ള മഹര്‍ഷിമാര്‍ക്കുപോലും പേടി. എന്താണു കാരണമെന്നോ? അഞ്ചു കുളങ്ങളിലും ഓരോ വമ്പന്‍ മുതലയുണ്ട്. കുളത്തിലിറങ്ങിയാല്‍ അവ ശാപ്പിടും. അര്‍ജുനന് ഈ കഥയറിയാമെങ്കിലും ഒട്ടും കൂസാതെ ഒരു തീര്‍ത്ഥത്തിലേക്കിറങ്ങാന്‍ ഒരുങ്ങി. ഇതുകണ്ട മുനിമാര്‍ അരുതെന്നു വിളിച്ചു പറഞ്ഞു. പക്ഷേ, ഏതു ജലജീവിയേയും കീഴടക്കാമെന്നു വരം ലഭിച്ച അര്‍ജുനന്‍ കുളത്തിലേക്കിറങ്ങി.
ഉടനേ, ഒരു പടുകൂറ്റന്‍ മുതല അദ്ദേഹത്തിന്റെ കാല്‍ വായ്ക്കകത്താക്കി കുളത്തിന്റെ അടിത്തട്ടിലേക്കു പിടിച്ചു വലിച്ചു. അര്‍ജുനനാകട്ടേ ബലംപിടിച്ച് മുതലയെ കുടഞ്ഞറിഞ്ഞു. അതു കരയില്‍ വന്നുവീണു. ഞൊടിയിടയില്‍ ആ ഭീകരജീവി സുന്ദരിയായ ഒരപ്‌സരസായി മാറി. വിശ്വസിക്കാനാകാതെ അര്‍ജുനന്‍ കണ്ണുതള്ളി നില്ക്കുകയാണ്.
വശ്യമായ പുഞ്ചിരിതൂകി ആ സുന്ദരി അര്‍ജുനനു മുന്നില്‍ വണങ്ങി നിന്നു.
‘നീ ആരാണ്?’-വിസ്മയത്തോടെ അര്‍ജുനന്‍ ചോദിച്ചു. ‘എന്റെ പേര് വര്‍ഗ. അപ്സരസാണ്.
‘ഒരു മഹര്‍ഷിയുടെ ശാപമേറ്റ് മുതലയായതണ്. എന്നെ ആരെങ്കിലും കരയിലിട്ടാലേ ശാപമോക്ഷം കിട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ ശാപം. കുളത്തിലിറങ്ങുന്നവരെയെല്ലാം ഞാന്‍ കൊല്ലുകയാണു പതിവ്. അങ്ങയേയും കൊല്ലാന്‍ വന്നതാണ്. പക്ഷേ, കരുത്തനായ അങ്ങ് എന്നെ കുടഞ്ഞെറിഞ്ഞു. എനിക്കു ശാപമോക്ഷം തന്ന അങ്ങയോട് അളവറ്റ നന്ദിയുണ്ട്.’-ഒരു നിമിഷം നിര്‍ത്തിയശേഷം അവള്‍ തുടര്‍ന്നു. ‘എന്റെ നാലു സഖികളും ഇങ്ങനെ ശാപമോക്ഷം കാത്തു കഴിയുകയാണ്. തൊട്ടടുത്ത നാലു തീര്‍ത്ഥങ്ങളില്‍ മുതലകളായി അവരുണ്ട്. അങ്ങ് അവരേക്കൂടി രക്ഷിക്കണം.’
‘അതുചെയ്യാം. അതിനുമുമ്പ് മഹര്‍ഷി നിങ്ങളെ ശപിക്കാന്‍ എന്താണു കാരണമെന്നു കൂടി പറയണം’- അര്‍ജുനനു ജിജ്ഞാസ. ‘അപ്‌സരസുകളായ ഞങ്ങള്‍ ലോകസഞ്ചാരത്തിനിറങ്ങിയതായിരുന്നു. ഈ വനത്തിലൂടെ പോകവേ, അസാമാന്യ സൗന്ദര്യമുള്ള ഒരു മഹര്‍ഷിയെ കണ്ടു. അദ്ദേഹത്തെ ഭര്‍ത്താവായി കിട്ടണമെന്നു ഞങ്ങള്‍ക്ക് അഞ്ചുപേര്‍ക്കും മോഹം.
ഞങ്ങള്‍ മല്‍സരിച്ച് അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഒട്ടും വഴങ്ങിയില്ല. ഞങ്ങളും വിട്ടില്ല. ഒടുവില്‍ അദ്ദേഹം കോപാക്രാന്തനായി ഞങ്ങളെ ശപിച്ചു:
‘നിങ്ങള്‍ നൂറുവര്‍ഷം അഞ്ചു കുളങ്ങളില്‍ മുതലകളായി ജീവിക്കട്ടെ.’
‘ശാപം കേട്ട് ഞങ്ങള്‍ ഞടുങ്ങി പ്പോയി. അലമുറയിട്ടു കരഞ്ഞു. മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. അപ്പോഴദ്ദേഹത്തിന്റെ മനസലിഞ്ഞ് ശാപമോക്ഷം വാഗ്ദാനം ചെയ്തു. മുതലകളായ ഞങ്ങളെ ശക്തനായ ഒരാള്‍ കരയ്ക്കുകയറ്റി വിടും. അപ്പോള്‍ യഥാര്‍ത്ഥ രൂപത്തിലാകും. അങ്ങനെ ഞങ്ങള്‍ ശക്തനായ അങ്ങയേയും കാത്തു കഴിയുകയായിരുന്നു.’ അവള്‍ പറഞ്ഞു.
അര്‍ജുനന്‍ രണ്ടാമത്തെ കുളക്കരയിലേക്കു പോയി. മനുഷ്യന്റെ നിഴല്‍ കണ്ട പാടേ, മുതല വായ്പിളര്‍ത്തിയെത്തി. ഒറ്റകുതിപ്പിന് അര്‍ജുനന്‍ അതിനെയുമെടുത്ത് കരയ്ക്കിട്ടു. ആ മുതലയും അപ്‌സരസായി മാറി. മറ്റു കുളങ്ങളിലെ മുതലകളേയും കരയ്ക്കിട്ടു ശാപമോക്ഷം നല്കി. അവര്‍ അര്‍ജുനനു നന്ദിപറഞ്ഞ് സ്ഥലംവിട്ടു. അര്‍ജുനന്‍ തീര്‍ത്ഥയാത്ര തുടര്‍ന്നു.
Also add stories from Qurran also..
Excellant effort to spread old stories of our puranas