ഇറ്റാലിയന്‍ ബ്രാന്‍ഡായ അപ്രീലിയ തങ്ങളുടെ സൂപ്പര്‍സ്പോര്‍ട്ട് ബൈക്ക് ആര്‍എസ് 457 ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യ ബൈക്ക് വീക്കില്‍ ആണ് ബൈക്കിന്റെ അവതരണം. ഇതിന്റെ ഡിസൈന്‍ അപ്രീലിയ ആര്‍എസ് 660 ന് സമാനമാണ്. എന്നാല്‍ ഇത് വളരെ പ്രീമിയം രൂപത്തിലാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, പിയാജിയോയുടെ ഇന്ത്യയിലെ ബാരാമതി പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ഇതിന്റെ ബുക്കിംഗ് ആരംഭിക്കും. മോട്ടോപ്ലെക്സ് ഡീലര്‍ഷിപ്പില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാനാകും. 4.10 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. അപ്രീലിയ ആര്‍എസ് 457ന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 47ബിഎച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 457സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ സിലിണ്ടര്‍, ഡോക് എഞ്ചിന്‍ ഉണ്ട്. ട്രാന്‍സ്മിഷന് വേണ്ടി, ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. സജ്ജീകരണത്തിന് സ്ലിപ്പര്‍ ക്ലച്ചും ടു-വേ ക്വിക്ക്ഷിഫ്റ്ററും ലഭിക്കുന്നു. ബൈക്കിന് യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളും സസ്പെന്‍ഷനായി ഒരു മോണോഷോക്ക് യൂണിറ്റും ഉണ്ട്, അതേസമയം എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് സുഗമമാക്കും.