ഐഫോണ്‍ 17 അടിസ്ഥാന മോഡലിന്റെ ഉത്പാദനം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ആപ്പിള്‍. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രീ ഓര്‍ഡറുകളും വില്‍പ്പനയും ലഭിച്ചതോടെയാണ് ഉത്പാദന കരാറുകാര്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. 82,900 രൂപ മുതല്‍ ആരംഭിക്കുന്ന ആപ്പിള്‍ 17 മോഡലുകളുടെ പ്രതിദിന ഉത്പാദനം 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആപ്പിളിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിച്ച ആപ്പിള്‍ ഐഫോണ്‍ 17 സീരീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ പണം മുടക്കേണ്ട പ്രീമിയം മോഡലുകളായ ഐഫോണ്‍ 17 പ്രോ, പ്രോമാക്സ് മോഡലുകളേക്കാള്‍ ബജറ്റ് വിലയില്‍ ലഭ്യമായ ഐഫോണ്‍ 17 ഫോണുകളോടാണ് ആളുകള്‍ക്ക് പ്രിയം. ആകെ ഉത്പാദനത്തിന്റെ 25 ശതമാനം ഐഫോണ്‍ 17 മോഡലുകള്‍ക്കും 65 ശതമാനം പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്കും 10 ശതമാനം എയര്‍ മോഡലിനുമാണ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഡിമാന്‍ഡ് കൂടിയതോടെ ചൈനയിലെ ഐഫോണ്‍ നിര്‍മാതാക്കളായ ലക്സ്ഷെയര്‍ പ്രിസിഷന്‍, ഫോക്സ്‌കോണ്‍ കമ്പനികള്‍ക്ക് ആപ്പിളിന്റെ പുതുക്കിയ നിര്‍ദ്ദേശമെത്തി.