ഓപ്പണ്‍എഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പായി ആന്ത്രോപിക്. 65 ബില്യണ്‍ (6500 കോടി) ഡോളറിന്റെ ഫണ്ട് ശേഖരണത്തിലൂടെ കമ്പനിയുടെ മൂല്യം 965 ബില്യണ്‍ (96500 കോടി) ഡോളറിലെത്തി. ആന്ത്രോപിക്കിന്റെ വര്‍ധിച്ച മൂല്യം ഓപ്പണ്‍എഐയുടെ 852 ബില്യണ്‍ (85200 കോടി) ഡോളറിന്റെ മൂല്യത്തെ മറികടന്നു. അടുത്തിടെ നടന്ന ഫണ്ടിങ് റൗണ്ടിനുശേഷം ആന്ത്രോപിക്കിന്റെ മൂല്യം ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചുവെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്റഗണുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് യു.എസിലെ ട്രംപ് ഭരണകൂടം വിലക്കുകയും കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്ത എഐ കമ്പനിയാണ് ആന്ത്രോപിക്. ലോകമെങ്ങും പ്രചാരത്തിലുള്ള എഐ കോഡിങ് അസിസ്റ്റന്റായ ക്ലോഡ് കോഡ് അടക്കമുള്ളവയാണ് ആന്ത്രോപിക്കിന്റെ അതിവേഗ വളര്‍ച്ചയുടെ പ്രധാന കാരണം. പല സംരംഭങ്ങളും കോഡിങ്ങിന് ഉപയോഗിക്കുന്ന പ്രധാന എഐ ടൂളായി ക്ലോഡ് കോഡ് മാറിയിട്ടുണ്ട്.
ഓപ്പണ്‍എഐയെ മറികടന്ന് ആന്ത്രോപിക്
