തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധിന്റെ ഹിറ്റ് ഗാനങ്ങളില്‍ കൂടുതലും ഫാസ്റ്റ് ആന്‍ഡ് മാസ് നമ്പറുകളാണെങ്കില്‍ ചില ശ്രദ്ധേയ മെലഡികളും അദ്ദേഹത്തിന്റേതായി ഉണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഇടംപിടിക്കുന്ന ഒരു പുതിയ ഗാനം എത്തിയിരിക്കുകയാണ്. വിജയ് നായകനാവുന്ന അപ്കമിംഗ് റിലീസ് ‘ലിയോ’യിലേതാണ് പുറത്തെത്തിയിരിക്കുന്ന ഗാനം. ‘അന്‍പെനും’ എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പാര്‍ഥിയുടെ ഫാമിലി ട്രാക്കില്‍ യാത്ര ചെയ്യുന്ന ഗാനമാണിത്. വിജയ്ക്കൊപ്പം തൃഷയും ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. ഒക്ടോബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.