ആന്‍ഡ്രോയ്ഡ് ആപ്പിനെ അടിമുടി റീഡിസൈന്‍ ചെയ്യാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയക്കല്‍ പ്ലാറ്റ്ഫോം അതിന്റെ ആന്‍ഡ്രോയിഡ് ആപ്പിനായി പുതിയ ബീറ്റ അപ്ഡേറ്റ് (പതിപ്പ് 2.23.18.18) പരീക്ഷിക്കുകയാണെന്ന് വാബീറ്റഇന്‍ഫോയുടെ സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതില്‍ നിലവിലുള്ള പച്ച നിറത്തില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത ടോപ്പ് ബാര്‍ ഉള്‍പ്പെടുന്നു. മെറ്റീരിയല്‍ ഡിസൈന്‍ 3 അടിസ്ഥാനമാക്കിയാണ് നവീകരണം. എന്നാല്‍, ആപ്പിലെ പച്ച നിറം പൂര്‍ണ്ണമായും പോകുന്നില്ല; വാട്ട്സ്ആപ്പ് ലോഗോ (ഫോണ്ടില്‍ ചെറിയ മാറ്റം വരും), ‘ആര്‍ക്കൈവ് ഐക്കണ്‍,’ ‘ന്യൂ ചാറ്റ്’ ഐക്കണ്‍ എന്നിവയടക്കം പച്ച നിറത്തിലുള്ള ചില യുഐ ഘടകങ്ങള്‍ നിലനിര്‍ത്തും. പുതിയ ഡിസൈനില്‍ താഴെയുള്ള നാവിഗേഷന്‍ ബാറും കാണാന്‍ സാധിക്കും. ഇതുകൂടാതെ, ചാറ്റുകളുടെ മുകളില്‍ ഓള്‍, അണ്‍റീഡ്, പേഴ്‌സണല്‍, ബിസിനസ് എന്നിങ്ങനെ ഫില്‍ട്ടര്‍ ഓപ്ഷനുകളും കാണാന്‍ സാധിക്കും. പ്ലാറ്റ്ഫോമുകളിലുടനീളം വാട്‌സ്ആപ്പ് ഡിസൈന്‍ ഏകീകരിക്കാനാണ് ആന്‍ഡ്രോയ്ഡ് ആപ്പിലെ രൂപമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാതെ, വാട്‌സ്ആപ്പിന്റെ വിന്‍ഡോസ്, മാക് ഓഎസ് പതിപ്പുകളിലും ഇതേ രൂപമാറ്റം പ്രതീക്ഷിക്കാം. പരീക്ഷണ ഘട്ടത്തിലുള്ള റീഡിസൈന്‍ വൈകാതെ എല്ലാവര്‍ക്കും ലഭിച്ചേക്കും.