തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എവിടി ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണൂര്‍ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്നാണ് അറിയപ്പെടുക. ഭൂമിയുടെ പുത്രന് എന്നാണ് ഭൂമിപുത്ര എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം. വരും മാസങ്ങളില്‍ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. തോട്ടത്തിന്റെ ഒരു നിശ്ചിത ശതമാനം പഴം, പച്ചക്കറി കൃഷിക്കും ടൂറിസത്തിനും ഉപയോഗിക്കാം എന്ന സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലക്കൃഷി കൂടാതെ കന്നുകാലി ഫാമും ഉടന്‍ ആരംഭിക്കും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാലും, പാലുല്പന്നങ്ങളായ തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവ ബോചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്ക്കൊപ്പം വിഷരഹിതമായ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കാനുമാണ് ബോബി ചെമ്മണൂര്‍ ലക്ഷ്യമിടുന്നത്.
ഇനി ‘ബോചെ ടീ’യും വിപണിയിലെത്തും
