മെയ് 15ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ ആന്‍ഡ്രോയിഡ് 15 റിലീസ് ചെയ്യാനൊരുങ്ങുകയാണ് ആല്‍ഫബറ്റ്. ആന്‍ഡ്രോയ്ഡ് 13-ല്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു പതിനാലാമന്‍ എത്തിയത്. എന്നാല്‍, ഇത്തവണ കാര്യമായ സവിശേഷതകള്‍ ഗൂഗിള്‍ പതിനഞ്ചാം പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്ഡ് 15 ഒഎസില്‍ എത്തുമെന്ന് പറയപ്പെടുന്ന ഫീച്ചറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോണിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം. പുതിയ ഒ.എസില്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഫോണിലെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും അതിലൂടെ ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയുന്നതാണീ ഫീച്ചര്‍. സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകളെ ഇത്തരത്തില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാം. അതിലൂടെ അവയുടെ ബാക്ഗ്രൗണ്ട് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സ്റ്റോറേജ് സ്പേസ് ലാഭിക്കാനും കഴിഞ്ഞേക്കും. അത് ഒരേസമയം ഫോണിന്റെ പെര്‍ഫോമന്‍സ് കൂട്ടുകയും ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുകയും ചെയ്യും. നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കാമെങ്കിലും ഗൂഗിള്‍ നിര്‍ദേശിക്കുന്ന ആപ്പുകളില്‍ മാത്രമെ പ്രാവര്‍ത്തികമായിരുന്നുള്ളൂ. മാത്രമല്ല ആര്‍ക്കൈവ് ചെയ്യേണ്ട ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാനും പറ്റില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് 15ല്‍ എല്ലാ ആപ്പുകളും ഇങ്ങനെ ആര്‍ക്കൈവ് ചെയ്യാനാകും.