സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇതിൽ സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി സർക്കാരും പൊലീസ് അടക്കമുള്ള സംവിധാനങ്ങളും മുന്നോട്ട് പോവുകയാണ്. കേരളം പോലീസിന്റെ ലഹരിക്കെതിരായ യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു എന്നും അനിൽ കാന്ത് പറഞ്ഞു. കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡി ജി പി പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ ലഹരിവലയെക്കുറിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം വാക് ഔട്ട് നടത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പത്രക്കാരോട് പറഞ്ഞത് ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടങ്ങൾക്ക് നൽകുന്ന പിന്തുണ തുടരുമെന്നാണ് . ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തങ്ങൾ അടിയന്തര പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.