അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘സെല്‍ഫി’യുടെ പുതിയ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത് എന്നതും കൌതുകമാണ്. 1.34 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുതിയ ട്രെയ്‌ലറിന്. റീമേക്കിന്റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും.