തരൂർ വിവാദത്തിന്റെ പേരിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. താരിഖ് അൻവറിനെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തി.
കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചർച്ചകൾ നടത്തി വേണം മുൻപോട്ട് പോകാനെന്നും എഐസിസി നിർദേശമുണ്ട്
മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. തുടർന്ന് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂരെത്തി. പിന്നാലെ ശശി തരൂരിനെ പിന്തുണച്ചും രമേശ് ചെന്നിത്തലയെ തള്ളിയും കെ.മുരളീധരൻ എം.പിയും എത്തി.
അതേസമയം, സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉയരുകയാണ്. തരൂരിന്‍റെ തേരോട്ടത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കുമ്പോള്‍
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്‍റെ പ്രതീക്ഷ. എന്നാല്‍, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരൂരിനെ പരിഗണിക്കുന്നതില്‍ എഐസിസിയില്‍ ഏകാഭിപ്രായമില്ല. ഭാരത് ജോഡോ യാത്രക്ക് ശേഷം തരൂര്‍ വിഷയത്തില്‍ ചര്‍ച്ചയെന്നാണ് നിലവിലെ തീരുമാനം.