ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ പിഴവ്. കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് സുരക്ഷ പിഴവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ രണ്ട് വേര്‍ഷനുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 123.0.6312.58 ഫോര്‍ ലിനക്‌സ് എന്ന അപ്ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക്ഒഎസുകളിലെ ക്രോം പതിപ്പുകള്‍ എന്നിവയിലാണ് പിഴവുകള്‍ ഉള്ളത്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡുകള്‍ എന്നിവ എളുപ്പത്തില്‍ കണ്ടെത്താന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന തരത്തിലുള്ള സുരക്ഷ പിഴവാണ് ഉള്ളത്. അനധികൃത സോഫ്റ്റ്വെയറുകള്‍, ഡൗണ്‍ലോഡ് എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഉടന്‍ തന്നെ പുതിയ സുരക്ഷ അപ്‌ഡേറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മോസില്ല ഫയര്‍ഫോക്‌സിലെ സുരക്ഷാ പിഴവും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പ്യൂട്ടറിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും, അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഹാക്കര്‍മാരെ സഹായിക്കുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയിട്ടുള്ളത്. മോസില്ലയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കഴിയുന്നതും വേഗത്തില്‍ പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കേണ്ടതാണ്.