സെപ്റ്റംബര്‍ പാദത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയെന്ന അപ്രതീക്ഷിത നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനി. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍, അഫ്ഗാനി മൂല്യം 9 ശതമാനം ഉയര്‍ന്നു, പ്രാഥമികമായി മാനുഷിക സഹായത്തിന്റെ ഗണ്യമായ ഒഴുക്കും, അയല്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങളിലെ ഉത്തേജനവുമാണ് ഇതിന് കാരണം. തങ്ങളുടെ കറന്‍സിയുടെ നിയന്ത്രണം ഉറപ്പിക്കുന്നതിനായി, താലിബാന്‍ പ്രാദേശിക ഇടപാടുകളില്‍ യുഎസ് ഡോളറിന്റെയും പാകിസ്ഥാന്‍ രൂപയുടെയും ഉപയോഗം നിരോധിക്കുന്നത് ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് നിന്ന് യുഎസ് ഡോളര്‍ പുറത്തേക്ക് ഒഴുകുന്നതിന് അവര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് എടുത്തുകാണിക്കുന്നതുപോലെ, ഓണ്‍ലൈന്‍ കറന്‍സി വ്യാപാരം ക്രിമിനല്‍ കുറ്റമാക്കുന്ന നടപടികളിലേക്ക് വരെ ഭരണകൂടം കടന്നിരുന്നു. ഇത്രയൊക്കെ ആണെങ്കിലും ആഗോളതലത്തില്‍ ദാരിദ്ര്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന രാഷ്ട്രമായി തന്നെയാണ് അഫ്ഗാന്‍ ഇപ്പോഴുമുള്ളത്. അഫ്ഗാനി കഴിഞ്ഞ വര്‍ഷം മൂല്യത്തില്‍ 14 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, നിലവില്‍ ആഗോള കറന്‍സി പ്രകടന പട്ടികയില്‍ കൊളംബിയയുടെയും ശ്രീലങ്കയുടെയും കറന്‍സികള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.