ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാവുന്നു. രണ്ടാം സ്ഥാനം പിടിച്ചെടുത്ത ഏഥറും ആദ്യ അഞ്ചിലേക്കെത്തിയ ഹീറോ മോട്ടോകോര്‍പുമാണ് കരുത്തു തെളിയിച്ചവര്‍. ഓഗസ്റ്റിലെ ആദ്യ 21 ദിവസത്തെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് എഥര്‍ എനര്‍ജി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇലക്ട്രിക് ടു വീലര്‍ വില്‍പനയില്‍ മുന്നിലുള്ളത് ടിവിഎസാണ്. 25 ശതമാനമാണ് ടിവിഎസിന്റെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ വിഹിതം. 16 ശതമാനം വിപണി വിഹിതവുമായി ഒല മൂന്നാമതുണ്ട്. ആദ്യമായി ആദ്യ അഞ്ചിലേക്ക് ഹീറോ മോട്ടോകോര്‍പ് എത്തിയെന്നതും ശ്രദ്ധേയമാണ്. വിഡ വിഎക്സ്2 പുറത്തിറക്കിയതോടെയാണ് ഹീറോ മോട്ടോകോര്‍പിന് വിപണിയില്‍ ഊര്‍ജമായത്. തിരിച്ചടി നേരിട്ട ബജാജ് ഓട്ടോ 12 ശതമാനം വിപണി വിഹിതത്തോടെ അഞ്ചാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു.