അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയായ അദാനി പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 130 മില്യണ്‍ ഡോളറി (1100 കോടി രൂപ) ന്റെ വിദേശ കടപത്രങ്ങള്‍ തിരിച്ചു വാങ്ങാനാരംഭിച്ചു. 2024 ല്‍ കാലാവധി അവസാനിക്കുന്ന കടപത്രങ്ങളാണ് മുന്‍കൂറായി പണം നല്‍കി തിരിച്ചു വാങ്ങുന്നത്. തിരിച്ചുവാങ്ങല്‍ തീരുമാനത്തിനു പിന്നാലെ ഗ്രൂപ്പിന്റെ 15 ല്‍ 10 ഡോളര്‍ ബാണ്ടുകളുടേയും വില ഇന്ന് ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വരും പാദങ്ങളിലും 1100 കോടി രൂപയുടെ വീതം കടപത്രങ്ങള്‍ തിരിച്ചു വാങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഈ വര്‍ഷം ആദ്യം ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഇടിഞ്ഞതു മൂലം നഷ്ടപ്പെട്ട നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെ പിടിക്കാനാണ് ശ്രമം. കൂടാതെ കമ്പനിയുടെ സാമ്പത്തിക നിലഭദ്രമാണെന്ന് തെളിയിക്കാനും ഇതു വഴി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ജനുവരി 24 മുതല്‍ 114 ബില്യണ്‍ ഡോളറോളം നഷ്ടം സംഭവിച്ചിരുന്നു.