ലാപ്ടോപ്പുകള്‍ക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിനും പേരുകേട്ട തായ്വാനീസ് ടെക് ഭീമനായ ഏസര്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക്. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഏസര്‍ മുവി 125 4ജി പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. 99,999 രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ വില.സ്‌കൂട്ടറിന്റെ രൂപകല്‍പനയിലും നിര്‍മ്മാണത്തിലും ഇന്ത്യന്‍ അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ തിങ്ക് ഇബൈക്ക്‌ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഏസറിന്റെ പുതിയ സംരംഭം. ഏസര്‍ മുവി 125 4ജിക്ക് പരമാവധി 75 കിലോമീറ്റര്‍ വേഗതയും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. ഓഫീസില്‍ പോകുന്നവരും കോളേജ് വിദ്യാര്‍ത്ഥികളും മുതല്‍ ദൈനംദിന യാത്രക്കാര്‍ വരെയുള്ള നിരവധി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഹൈപ്പര്‍-ലോക്കല്‍ ഫുഡ് ഡെലിവറി അല്ലെങ്കില്‍ ഗ്രോസറി ഡെലിവറി പോലുള്ള ബി2ബി ഉപയോഗത്തിനായി വാഹനം ഇഷ്ടാനുസൃതമായി നിര്‍മ്മിക്കാന്‍ കഴിയും, ഇത് ഇലക്ട്രിക് വാഹന വിപണിയിലെ വ്യത്യസ്തമായ നീക്കം കൂടിയാണ്. ഭാരം കുറഞ്ഞ ഷാസിയും 16 ഇഞ്ച് വീലുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. തുടര്‍ച്ചയായ റൈഡുകളും തടസ്സരഹിതമായ ചാര്‍ജിംഗും ഉറപ്പാക്കുന്ന, മാറാവുന്ന ബാറ്ററിയാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്.