ഡിജിറ്റല്‍ ഐഡന്റിറ്റിയിലേക്ക് ഇന്ത്യയില്‍ വലിയൊരു ചുവടുവെപ്പുമായി ഗൂഗിള്‍. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുമായി ചേര്‍ന്ന്, ആധാര്‍ അടിസ്ഥാനത്തിലുള്ള പരിശോധനാ രേഖകള്‍ ഇനി ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വഴി സുരക്ഷിതമായ ഡിജിറ്റല്‍ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്. ഈ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ആധാര്‍ വെരിഫിയബിള്‍ ക്രെഡന്‍ഷ്യല്‍ എന്ന ഡിജിറ്റല്‍ ഐഡി ഗൂഗ്ള്‍ വാലറ്റില്‍ ചേര്‍ക്കാന്‍ കഴിയും. ഇത് സാധാരണ സ്കാന്‍ ചെയ്ത പി.ഡി.എഫ് അല്ല. സവിശേഷ തിരിച്ചറിയല്‍ അതോറിട്ടി ഡിജിറ്റലായി ഒപ്പിട്ട, സുരക്ഷിതമായ ഒരു ഐഡി പതിപ്പാണ് ഇത്. പേര്, ജനനത്തിയതി, ഫോട്ടോ പോലുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടും. ഫിസിക്കല്‍ കാര്‍ഡ് ഇല്ലാതെ തന്നെ സുരക്ഷിതമായി ഐഡന്റിറ്റി തെളിയിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ ഐഡന്റിറ്റി സംവിധാനത്തിലേക്ക് ലോകം നീങ്ങുന്നതിന്റെ ഭാഗമായാണ് ഗൂഗ്ളിന്റെ ഈ നീക്കം.
ആധാര്‍ ഇനി ഗൂഗിള്‍ വാലറ്റില്‍
