ഡൽഹിയിൽ പുതുവത്സരാഘോഷത്തിനിടെ സ്‌കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അമൻ വിഹാർ നിവാസിയായ യുവതിയാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വസ്ത്രമെല്ലാം റോഡിൽ ഉരഞ്ഞ് കീറിപ്പറിഞ്ഞ് നഷ്ടമായ അവസ്ഥയിലായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവതിയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയത്. യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. എല്ലാവരെയും അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.