അമൃത്സറില്‍ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനെത്തിയ കവര്‍ച്ചാസംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മാലിയ വില്ലേജില്‍ നടന്ന സംഭവത്തില്‍ അമൃത്സര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണു തീ പിടിച്ചത്. താഴത്തെ നിലയിലാണ് സഹീറിന്റെ റസ്റ്റോറന്റ്.
ജമ്മു കാഷ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം നാലു ഭീകരരെ വധിച്ചു. അവന്തിപ്പോരയിലും അനന്ത്‌നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ മൂന്നു പേരും അനന്ത്‌നാഗില്‍ ഒരാളുമാണു കൊല്ലപ്പെട്ടത്. ഒരാള്‍ വിദേശിയാണ്. അവന്തിപ്പോരയില്‍ കൊല്ലപ്പെട്ട ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്.
പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച 22 കാരന് കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. ബെംഗളൂരുവിലെ കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ശിക്ഷ വിധിച്ചത്.
നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിനു സമീപം വജ്രനിക്ഷേപമുണ്ടെന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം. കണ്ടവരും കേട്ടവരുമെല്ലാം വജ്രക്കല്ലുകള്‍ വെട്ടിപ്പിടിക്കാന്‍ എത്തിയതോടെ പ്രദേശത്തു ഭാഗ്യാന്വേഷികളുടെ പൂരമായി. മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചിലാണ് വജ്രം അന്വേഷിച്ച് നൂറുകണക്കിനു പേര്‍ എത്തുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനൊപ്പം 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍ ഋഷിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അവധിയിലായിരുന്ന ഋഷിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
രാജസ്ഥാനിലെ മംഗഡില്‍ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. 1913 ല്‍ രാജസ്ഥാനിലെ മംഗഡില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവര്‍ഗക്കാരെ സ്മരിക്കുന്ന ചടങ്ങായ ‘മംഗാര്‍ ധാം കി ഗൗരവ് ഗാഥ’ യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്. മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.