എല്ലാ സലാഡും ഒരു പോലെ ആരോഗ്യകരമാണോ? ഉയര്‍ന്ന കലോറിയുള്ള ചേരുവകള്‍ സാലഡില്‍ ഉള്‍പ്പെടുത്തുന്നതും വറുത്ത ടോപ്പിങ്ങും അവയുടെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കാനും ആരോഗ്യം മോശമാക്കാനും സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന ഭക്ഷണമാണ് സാലഡ്. പ്രോട്ടീനും വിറ്റാനും ധാതുക്കളും തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ഫുള്‍ പാക്ക്. എന്നാല്‍ വിവേകമില്ലാതെ തെരഞ്ഞെടുക്കുന്ന ചേരുവകള്‍ സാലഡിന്റെ പോഷക മൂല്യം കുറയ്ക്കുകയും വിപരീത ഫലമുണ്ടാക്കുകയും ചെയ്യുന്നു. ചില കലോറി നിറഞ്ഞ സലാഡുകളില്‍ ഒരു ബര്‍ഗറിനോ വറുത്ത ഉരുളക്കിഴങ്ങ് ചിപ്സിലോ ഉള്ള അത്രയും കൊഴുപ്പ് ഉണ്ടാകും. എന്നാല്‍ ഇത് തിരിച്ചറിയാതെ നിരവധി ആളുകള്‍ എല്ലാത്തരം സാലഡും ആരോഗ്യകരമെന്ന് വിശ്വസിക്കുന്നു. തൗസന്റ് ഐലന്‍സ്(അമേരിക്കന്‍ സാലഡ് ഡ്രസിങ്), ക്രീമി റാഞ്ച്, ബ്ലൂ ചീസ് തുടങ്ങിയ കൊഴുപ്പുള്ളവ സാലഡില്‍ ഉപയോഗിക്കരുത്. വറുത്ത നട്‌സ്, ചിക്കന്‍, നാച്ചോസ് തുടങ്ങിയവ ഒഴിവാക്കണം. അമിതമായ ഉപ്പും പഞ്ചസാരയും ഉപയോഗിക്കാന്‍ പാടില്ല. സീസണല്‍ പച്ചക്കറികളും പഴങ്ങളും, വേവിച്ച പയര്‍വര്‍ഗങ്ങള്‍, ചിക്കന്‍, മുട്ട തുടങ്ങിയവയ്‌ക്കൊപ്പം ഡ്രൈ ഫ്രൂട്‌സ് എന്നിവയും സലാഡില്‍ ഉപയോഗിക്കാം. തുടര്‍ന്ന് നാരങ്ങാനീര്, വിനാഗിരി, ഒലിവ് ഓയില്‍, ഉപ്പ്, സോസ്, മല്ലിയില/ പുതിന, തൈര് തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് സാലഡ് ഡ്രസിങ് ഉണ്ടാക്കുന്നതാണ് മികച്ചത്. വയറിന് പ്രശ്‌നമുള്ളവരാണെങ്കില്‍ ധാരാളം അസംസ്‌കൃത പച്ചക്കറികള്‍ കഴിക്കുന്നത് വയറു വീര്‍ക്കുന്നതിനും നെഞ്ചരിച്ചിലിനും കാരണാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പച്ചക്കറികള്‍ വേവിച്ചോ ഗ്രില്‍ ചെയ്‌തോ സാലഡില്‍ ഉള്‍പ്പെടുത്താം.