ലോഞ്ചിന് മുമ്പായി ഇന്ത്യക്കായുളള നാലാം തലമുറ എക്സ് ട്രെയില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നിസാന്‍. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന രീതിയിലായിരിക്കും എക്സ് ട്രെയില്‍ ഇന്ത്യയില്‍ എത്തിക്കുക. ഇന്ത്യയില്‍ മാഗ്നൈറ്റ് കോംപാക്ട് എസ്യുവി മാത്രം വില്‍ക്കുന്ന നിസാന്‍ ഇന്ത്യക്ക് എക്സ് ട്രെയിലിന്റെ വരവ് പുത്തനുണര്‍വാകും. നേരത്തെ നിസാന്‍ ഇന്ത്യ പുറത്തുവിട്ട ടീസറിലും എക്സ് ട്രെയിലിന്റെ ഇന്ത്യയിലേക്കുള്ള വരവിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്‍പനയിലുള്ള നാലാം തലമുറ നിസാന്‍ എക്സ് ട്രെയിലാണ് ഇന്ത്യയില്‍ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെ എക്സ് ട്രെയില്‍. പല വിദേശ വിപണികളിലും 5 സീറ്റര്‍ ഓപ്ഷന്‍ കൂടിയുണ്ട്. ഡയമണ്ട് ബ്ലാക്ക്, ഷാംപെയിന്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ എക്സ് ട്രെയില്‍ എത്തും. 360 ഡിഗ്രി ക്യാമറയും പാഡില്‍ ഷിഫ്റ്റേഴ്സും ഇന്ത്യന്‍ എക്സ് ട്രെയിലില്‍ ഉണ്ടാവുമെന്നതിന്റെ സ്ഥിരീകരണവും നിസാന്‍ നടത്തിയിട്ടുണ്ട്. ഏഴ് എയര്‍ ബാഗുകള്‍, ഓട്ടോ വൈപ്പര്‍, എബിഎസ് ആന്റ് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. 1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോ ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിക്കുക. ആകെ 163 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാന്‍ എക്സ് ട്രെയില്‍. എക്സ് ട്രെയിലിന്റെ പ്രതീക്ഷിക്കുന്ന വില 40-45 ലക്ഷം രൂപ.