വെട്രിമാരന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിടുതലൈ’ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതി, മഞ്ജു വാര്യര്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജവും വിജയ് സേതുപതിയും ഒന്നിച്ചുള്ള മനോഹരമായ പ്രണയചിത്രമാണ് ആദ്യത്തെ പോസ്റ്ററില്‍ കാണുന്നത്. ചോരയില്‍ കുളിച്ച് വടിവാളുമായി നില്ക്കുന്ന വിജയ്യെ ആണ് മറ്റൊരു പോസ്റ്ററില്‍ കാണാനാവുക. വെട്രിമാരന് തന്നെയാണ് രണ്ടാം ഭാ?ഗവും സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്, രാജീവ് മേനോന്, ചേതന്‍ എന്നിവരാണ് വിടുതലൈ രണ്ടിലെ മറ്റു പ്രധാന താരങ്ങള്‍. ആര് എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികള്‍ നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.