രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണിക്ക് വന്‍ ജയം. തിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ സീറ്റുകളില്‍ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ജയിച്ചു. ഇതില്‍ പശ്ചിമ ബംഗാളിലെ നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലേയും ഹിമാചല്‍ പ്രദേശിലേയും നാല് സീറ്റുകളില്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടിലെ സീറ്റില്‍ ഡിഎംകെയും പഞ്ചാബിലെ സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും വിജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളാണ് തോറ്റത്. ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലും ഓരോ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് വിജയിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു. സ്‌കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാന്‍ കഴിയാത്തതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ടണലിനുള്ളില്‍ മുട്ടുകുത്തി നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും സംഘം പറയുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42 കാരനായ ജോയ് എന്നയാളെ രാവിലെ 11.30 ഓടെയാണ് കാണാതായത്.
ആമയിഴഞ്ചാന്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും മാലിന്യമടിഞ്ഞതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം റെയില്‍വേക്കാണെന്നും മന്ത്രി വി ശിവന്‍കുട്ടി. അപകടമുണ്ടായ സ്ഥലം റെയില്‍വേയുടേതാണെന്നും ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ റെയില്‍വേ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
തന്റെ ഫോണിലെ വിവരങ്ങള്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമമെന്നും തന്റെ ഫോണില്‍ സ്പൈവെയര്‍ സാന്നിധ്യമുള്ളതായി ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇക്കാര്യം ആപ്പിള്‍ ഔദ്യോഗികമായി ഇ മെയില്‍ വഴി അറിയിച്ചെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ആപ്പിള്‍ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു.
പിഎസ്‌സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. പ്രമോദ് കോട്ടൂളി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎം വിശദീകരണം. അതേസമയം പിഎസ് സി കോഴയിന്മേലല്ല നടപടിയെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്റെ വിശദീകരണം. പി എസ് സി കോഴയില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലര്‍ത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവന്റെ പേരു ദുരുപയോഗം ചെയ്തു, ആരോഗ്യവകുപ്പിലെ നിയമനത്തിന് കോഴ വാങ്ങിയെന്നടക്കം വിലയിരുത്തിയാണ് നടപടിയെന്നാണ് വിശദീകരണം.
പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ടതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നില്‍ സമരമിരുന്ന് സി.പി.എം. മുന്‍ നേതാവ് പ്രമോദ് കോട്ടൂളിയും അമ്മയും. സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടി തെറ്റദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിതെന്നും പ്രമോദ് പറഞ്ഞു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പിഡ്ബ്ല്യു.ഡി, റവന്യു, എക്‌സൈസ് എന്നീ വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ടെന്നും താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടിയെന്നും ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി വീണ ജോര്‍ജ്ജ്. നിയമസഭാ അംഗങ്ങള്‍ക്കെതിരെ പോലും നിരവധി കേസുകളുണ്ടെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച കാലത്ത് ആര്‍ക്കും ആക്ഷേപമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സുരേഷ് ഗോപി പ്രകീര്‍ത്തനം തുടരുന്ന തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനോടുളള എതിര്‍പ്പിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് സിപിഐ ബഹിഷ്‌കരിച്ചു. മുഖ്യാതിഥിയായിരുന്ന സിപിഐ എംഎല്‍എ പി ബാലചന്ദ്രനും നാല് കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തില്ല.
കാസറഗോഡ് നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി തിരിച്ചു പോകുന്നതിനിടയില്‍ കെ.എസ്.ഇ.ബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മീറ്റര്‍ മാറ്റാന്‍ കഴിയില്ലെന്ന് ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് അടുത്ത് 5 ദിവസം അതിശക്തമഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചക്രവാതച്ചുഴിക്ക് പിന്നാലെ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ മഴ ഭീഷണി വര്‍ധിപ്പിക്കുന്നത്.
എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രന്‍ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞ് ബാലുശേരി കരിയാത്തന്‍ കാവ് തോട്ടില്‍ മുഹമ്മദ് മരിച്ചു. മഴ നനയാതിരിക്കാന്‍ കോട്ടും തലയില്‍ ഹെല്‍മറ്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാടില്‍ മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ സൈബര്‍ പൊലീസ് കേസെടുത്തെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. വസ്തുതകള്‍ പരിശോധിക്കാതെ തന്റെ പേര് വലിച്ചിഴച്ചതിന് ഒരു മാധ്യമ സ്ഥാപനത്തെ വിമര്‍ശിച്ച ധ്രുവ് റാഠി ഈ ആരോപിക്കപ്പെടുന്ന പോസ്റ്റ് വന്നത് പാരഡി ട്വിറ്റര്‍ അക്കൗണ്ടിലാണെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ധ്രുവ് റാഠി പറഞ്ഞു. ലോക്സഭാ സ്പീക്കറുടെ മകള്‍ യുപിഎസ്‌സി പരീക്ഷയില്‍ ഹാജരാകാതെ പാസായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ വിവാദം.
രാജ്യത്തെ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ആഗോള തലത്തില്‍ പല രാജ്യങ്ങളിലും ഈ നികുതി സംവിധാനം നടപ്പാക്കുന്നതിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിലും ഈ നികുതി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം. 2023ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 167 ശതകോടീശ്വരന്‍മാര്‍ ഉണ്ടെന്നും ഇവര്‍ക്ക് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു വര്‍ഷം 1.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.
തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍.
ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റ് നടത്തിപ്പ് തലവനും മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജരും രാജിവച്ചു. മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തിയതിലൂടെ ഐസിസിക്ക് കനത്ത നഷ്ടം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരുടെയും രാജി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടല്ലെന്നും ഇരുവരുടെയും രാജി മാസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചിട്ടുള്ളതാണെന്നുമാണ് ഐ സി സി വിശദീകരണം.
ജയ്സ്വാളിന്റെ വെടിക്കെട്ടില്‍ സിംബാബ്വെക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം. ഇതോടെ ഒരു മത്സരം ശേഷിക്കെ 3-1 ന് ഇന്ത്യ പരമ്പര നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയ്ക്ക് തുടക്കം മികച്ചതായിരുന്നെങ്കിലും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. 93 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റേയും 58 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും ഇന്നിംഗ്സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.