പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം.രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ ആണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകിയില്ല, എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെൻ്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയിൽ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശ് ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 120 മരണം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന സത്‌സംഗം പരിപാടിക്കിടെയാണ് അതിദാരുണസംഭവം. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നു. യുപിയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് സഹിക്കാനാവാതെ പന്തലിൽ നിന്ന് പുറത്തുകടക്കാൻ ആളുകൾ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. മരണം നൂറ് കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരിച്ചവരിൽ 23 സ്ത്രീകളും ഉണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹത്റാസിലെ മതപരിപാടിക്കിടെ നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും അനുശോചിച്ചു. ദുരന്ത വാര്‍ത്ത പ്രധാനമന്ത്രി പാര്‍ലമെൻ്റിലെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദുരന്തത്തിനിടയാക്കിയത് പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിർത്തിയതെന്ന് റിപ്പോർട്ടുകൾ. ചടങ്ങുകൾ പൂർത്തിയായി ആളുകൾ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ശ്വാസം കിട്ടാതെയും വീണിടത്തുനിന്ന് എഴുന്നേൽക്കാൻ കഴിയാതെയും വന്നതോടെ പലരുടെയും ജീവൻ പൊലിഞ്ഞുവെന്നും ദുരന്തത്തിൽ നിന്ന് അതിജീവിച്ചയാൾ പ്രതികരിച്ചു.
കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി.ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് ആണ് പരീക്ഷ മാറ്റിവെച്ചത്. രണ്ടാം സെമസ്റ്റർ എംഎസ്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യത്തിന് പകരം മറ്റൊരു വിഷയത്തിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കായി എത്തിച്ചത്. സംഭവത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. ചോദ്യപ്പേപ്പർ ഉളളടക്കം മാറിയതിൽ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്.
സൗദി അറേബ്യൻ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി.റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.
മാന്നാറിൽ കാണാതായ കല യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്നവ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചു. ഇത് മൃതദേഹത്തിൻ്റെ ഭാഗമാണോയെന്ന് തെളിവ് ലഭിച്ചിട്ടില്ല. 15 വര്‍ഷം പിന്നിട്ടതിനാൽ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂ. ഫൊറൻസിക് സംഘം വിശദമായി പരിശോധന തുടരുകയാണ്. സംഭവത്തിൽ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. കേസിൽ നേരത്തെ കസ്റ്റഡിയിലുള്ള നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല.വ്യക്തി വൈരാഗ്യമാകും കൊലയ്ക്ക് കാരണമെന്ന് കരുതുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം.വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു. ഗ്രാമ പഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
നിയമസഭയില്‍ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്പോര്. മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാവ് വിളിച്ചത് ‘അവൻ’ എന്നാണ്. പ്രതിപക്ഷ നേതാവിനെ ഞങ്ങൾ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. തന്നെ ആരും അങ്ങിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ മുഖ്യമന്ത്രി ‘പരനാറി’ എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു. ജനങ്ങൾ ഞങ്ങൾക്ക് അമ്മയെ പോലെയാണെന്ന് എംബി രാജേഷ് പറഞ്ഞു.
ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കണമെന്ന പരാതിയില്‍ മൊഴി രേഖപ്പെടുത്തി. പൊലീസ്. ആര്‍എംപി നേതാവ് കെഎസ് ഹരിഹരനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കോഴിക്കോട് ഡിസിപി ഓഫീസില്‍ വെച്ചാണ് ഹരിഹരന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.എന്നാൽ, ജൂലിയസ് ബോധപൂര്‍വം ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്‍റെ വിലയിരുത്തല്‍.
ലോക്സഭയിൽ നന്ദി പ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളം നല്‍കി. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് ഹൈബി ഈഡന് പ്രധാനമന്ത്രി വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തൻ്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ആവശ്യമെങ്കിൽ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലെ പ്രിൻസിപ്പാൾ ഡ്രസ് കോഡ് വ്യക്തമാക്കി സർക്കുലർ ഇറക്കി.ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ കോളേജിൽ നിരോധിച്ചു. നേരത്തെ ഇതേ കോളേജിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികള്‍ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരിൽ കോളേജ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ഫോക്സ്കോണിന്റെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന വാർത്തയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.ആരോപണം ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ തള്ളി.
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ഒരു ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇയാളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.