വിലക്കയറ്റ പ്രവണത തുടരുന്നതിനാല്‍ ഇന്ത്യയിലെ ഓരോ കുടുംബവും ശരാശരി 18 ശതമാനം കൂടുതല്‍ ചെലവിടേണ്ടി വരുന്നതായി പഠനം. വിപണി ഗവേഷണ സ്ഥാപനമായ കന്താറിന്റേതാണ് പഠനം. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ പ്രവണതയാണ് പഠന വിധേയമാക്കിയത്.ശരാശരിക്കാരായ ഒരു കുടുംബം ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശരാശരി 49,418 രൂപയാണ് ചെലവാക്കിയത്. നഗരങ്ങളില്‍ ഇത് 64,583 രൂപയാണ്; ഗ്രാമങ്ങളില്‍ 41,215 രൂപ. ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ ചെലവാക്കുന്നതിന്റെ 1.6 മടങ്ങ് നഗര മേഖലയില്‍ മുടക്കുന്നുവെന്നാണ് കണക്ക്. സമ്പന്നരെന്ന് അവകാശപ്പെടാന്‍ കഴിയാത്തവര്‍ 38,000 രൂപയോളം ത്രൈമാസം ചെലവിടുന്നതായും പഠനം പറയുന്നു.പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, വിദ്യാഭ്യാസം, യാത്ര, വസ്ത്രം, വീട്ടുവാടക തുടങ്ങിയവക്കുള്ള ചെലവുകളാണ് ഈ കണക്കെടുപ്പില്‍ പരിഗണിച്ചത്. ഭക്ഷണാവശ്യത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവ്. ഒരു കുടുംബത്തിന്റെ ത്രൈമാസ ചെലവില്‍ നാലിലൊന്നും പലവ്യഞ്ജനങ്ങള്‍ക്കാണ്. ഈയിനത്തില്‍ പതിവു ചെലവിലുണ്ടായ വര്‍ധന 19 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ കുടുംബത്തിലൊരാള്‍ക്ക് പ്രതിമാസ ചെലവ് 3,773 രൂപയും നഗരങ്ങളില്‍ 6,459 രൂപയുമെന്നാണ് 2022-23ല്‍ കണക്കാക്കിയിരുന്നത്. ഉപഭോക്തൃ വിനിയോഗ സര്‍വേ പ്രകാരം പ്രതിമാസ ആളോഹരി കുടുംബചെലവ് ഗ്രാമങ്ങളിലേക്കാള്‍ നഗരങ്ങളില്‍ 71 ശതമാനമെന്നും 2022-23ല്‍ കണക്കാക്കി. കോവിഡ് കാലത്തിനു ശേഷം കുടുംബങ്ങള്‍ വലിയ തോതില്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. നിത്യോപയോഗ സാധനങ്ങള്‍, പാക്കറ്റിലാക്കിയവ എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ചെലവ് നടത്തിക്കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനവും വിശദീകരിച്ചത്.