Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ജയിച്ചതിലൊന്നും വേവലാതിയില്ലെന്നും  വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നുള്ളതിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം.  വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയൻ പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങൾക്ക് ഒപ്പം നിന്ന ശക്തികൾ തൃശ്ശൂരിൽ നിങ്ങൾക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്നും കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നത്.

അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുൽഗാന്ധിയെന്ന് കോൺഗ്രസ് എംഎൽഎ പി സി വിഷ്ണുനാഥ്. തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ മുതൽ കശ്മീരിൽ ഒമർ അബ്ദുള്ള വരെയുള്ള നേതാക്കൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുലിനോടൊപ്പം നടന്നു. എന്നാൽ ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാനാണ് മുഖ്യമന്ത്രി തയ്യാറായതെന്നും വിഷ്ണു നാഥ് പറഞ്ഞു. ചുമരെഴുത്ത് വായിച്ച് അഹങ്കാരം മാറ്റിവച്ച് ഇനിയെങ്കിലും തിരുത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകി. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്.

പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം ഷാഫി പറമ്പിൽ രാജിവച്ചു. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പാക്കുമെന്ന് കെഎസ്ആർടിസി. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായി അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു

 

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയട്ടേയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന, പാര്‍ട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്‌സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് 2 മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

കോൺഗ്രസിനെ തകർക്കാൻ ബിജെപിയ്ക്ക് പുറം ചൊറിയുന്നത് സിപിഎം നിർത്തണമെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. സിപിഎം തകരണമെന്ന് കോൺഗ്രസ് ഇന്നും ആഗ്രഹിക്കുന്നില്ല നാളെയും ആഗ്രഹിക്കില്ല, എന്നാൽ കേരളത്തിലെ സിപിഎം ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സർക്കാറിന്റെ അധികാര ഗർവ്വിനും ധാർഷ്ട്യത്തിനും എതിരായി കൂടിയായിരുന്നു ജനവിധിയെന്നും രമേശ് ചെന്നിത്തല കൂട്ടി ചേർത്തു.

സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. ഓഫീസര്‍ ഇന്‍ ചാര്‍ജ് അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ചടയമംഗലം സൂപ്പർമാർക്കറ്റിലെ ഇൻ ചാർജ് എസ് സുരേഷ് കുമാറിനാണ് ഗോഡൗണിന്‍റെ പകരം ചുമതല.തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ നടപടിയെടുത്തത്.

തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വോട്ടിന്റെ ബിജെപി അനുകൂല കുത്തൊഴുക്ക് കാണാതെ പോകരുതെന്നും ബിജെപി മുന്നേറ്റം അതിശക്തമായി എതിർക്കപ്പെടണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നുവെന്നും തോൽവി വിശദമായി പരിശോധിക്കുമെന്നും സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയാർ മത്സ്യക്കുരുതിയിൽ 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.വിഷയം സംബന്ധിച്ച് ടി ജെ വിനോദ് എം എൽ എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിൻ്റെ നേതൃത്വത്തിൽ ചര്‍ച്ച തുടങ്ങി. ഇന്ന് കള്ള് ഷാപ്പ് ലൈസൻസികളുമായും ട്രേഡ് യൂണിയൻ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. നാളെ സംസ്ഥാനത്തെ ബാറുടമകൾ, ഡിസ്‌ലറി ഉടമകളുമായും മന്ത്രി ചർച്ച നടത്തുമെന്നാണ് വിവരം.

മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതിന് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു.ഇത്തരം പ്രസ്താവനകള്‍  ആവര്‍ത്തിച്ചാല്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ  കര്‍ശന നടപടി കൈക്കൊള്ളുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി മുക്കം മുസ്ലീം ലീഗിനെതിരെ പറഞ്ഞത് ശരിയായില്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞതാണ് താക്കീതിന് വഴിവച്ചത്.

കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എൻ കെ  പ്രേമചന്ദ്രൻ എംപി. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം .ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ സിപി എം മാറ്റണം.മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടർന്നാൽ സംഭവിക്കാൻ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാകുമെന്നും പ്രേമചന്ദ്രൻ ദ പറഞ്ഞു.

പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ സിപിഎംപാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ ബിനു പുളിക്കകണ്ടം വിമർശനം ഉന്നയിച്ചിരുന്നു. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.

കൊടുമണ്ണിൽ നാളെ യുഡിഎഫ് ഹർത്താൽ. അശാസ്ത്രീയ റോഡ് നിർമ്മാണമെന്ന് ആരോപിച്ച് ആണ് ഹർത്താലിന് അഹ്‌നം ചെയ്തിരിക്കുന്നത്. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ്ജിന്‍റെ ഭര്‍ത്താവ് ജോർജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിൻ്റെ അലൈൻമെന്‍റിൽ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിക്കുന്നത്. ജോർജ്ജ് ജോസഫിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്‍റ് മാറിയെന്ന് ആരോപിച്ച് ഓട നിർമ്മാണം തടഞ്ഞു. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരൻ ആരോപിക്കുന്നു.

തൃശ്ശൂരിലെ തോൽവിയിൽ മേയർ എം.കെ. വർഗീസ് സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്. സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 13 വരെ കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.  മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് – ജൂൺ – ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്.

വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ മൂന്ന് ലക്ഷം വോട്ടിന് മോദി തോൽക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയിൽ കോൺഗ്രസിന്‍റെ അജയ് റായിക്കെതിരെ ആദ്യം പിന്നിൽ പോയ മോദി, പിന്നീട്  1.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.റായ്ബറേലിയിലെ രാഹുലിന്‍റെ വിജയം കോണ്‍ഗ്രസ് പ്രവർത്തകരുടെ കഠിനാധ്വനത്തിന്‍റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേര്‍ത്തു.

 

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗത്തിലാണ് തീരുമാനം. രാജ്നാഥ് സിം​ഗാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള നേതാവായ മോ​ഹൻ ചരൺ മാജി നാല് തവണ എംപിയായിരുന്നു.

ദില്ലിയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവർ ഗ്രിഡിന് തീപിടിച്ചതിനെത്തുടർന്നാണ് തലസ്ഥാന നഗരത്തിൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്ന് ദില്ലിയിൽ താപനില 42 ഡി​ഗ്രി കടന്നിരുന്നു. പുതിയ കേന്ദ്ര ഊർജ മന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കുടുംബാധിപത്യമാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. തലമുറകളുടെ സമരത്തിന്റേയും സേവനത്തിന്റേയും ത്യാഗത്തിന്റേയും പാരമ്പര്യത്തെ കുടുംബാധിപത്യമെന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ അധികാരം ‘സര്‍ക്കാര്‍ കുടുംബ’ത്തിന് വിതരണം ചെയ്തുവെന്ന് രാഹുല്‍ പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *