നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വരികയും ജൂൺ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാർക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതിൽ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുൽ പറഞ്ഞു.
ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 സംഘം ട്രക്കിങിനു പോയത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി വിജയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നേതാക്കൾ തമ്മിലെ തർക്കങ്ങളിൽ തുടങ്ങി പാർട്ടി വോട്ടിലെ ഗണ്യമായ ചോർച്ചയിൽ വരെ അന്വേഷണമുണ്ടായേക്കും. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ചില മേഖലകളിൽ പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതെ പോയി. അത് അന്വേഷിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു. യുഡിഎഫ് തരംഗത്തിൽ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കർശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്.
സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും, ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചർച്ചയില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്.
എണ്ണായിരത്തിലേറെ ഹയർ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോർട്ട്. ട്രാൻസ്ഫർ പട്ടികയിൽ ഉൾപ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാൻസ്ഫർ ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പാർക്ക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഇനി പതിനൊന്നാം തീയതിയാണ് കേസ് പരിഗണിക്കുന്നത്.
എൽഡിഎഫിന് നേട്ടം ഉണ്ടായില്ല പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍. ഈ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തല്‍ അല്ല. ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല.കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളിക്ക് ബിജെപിയെ ജയിപ്പിക്കാൻ ഒരു മടിയുമില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. തൃശൂരിലേത് സാമ്പിൾ വെടിക്കെട്ടാണ്. യഥാർത്ഥ വെടിക്കെട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാണാമെന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി. കെ മുരളീധരൻ തൃശൂരിൽ വിദൂഷകൻ ആയി മാറിയെന്നും,പണം നൽകി വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റിൽ. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ്. ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വിജയശില്‍പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെന്ന് പാര്‍ട്ടിനേതൃത്വം ബിജെപി കേരള ഘടകത്തിന്റെ ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് ചെയ്തു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും കേരളത്തിൽ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നു കുറിപ്പില്‍ പറയുന്നു.
കെ മുരളീധരനെ അനുനയിപ്പിക്കാനെത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. കെ മുരളീധരന് എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും.മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
സഖ്യകക്ഷികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച തുടങ്ങി ബിജെപി . സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് നീക്കം. ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കി. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടക്കാനാണ് സാധ്യത.
മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടില്‍ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ഇഡിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. നിക്ഷേപകനായ ഫൈസൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മാനേജർ പ്രസാദ് ഇഡിക്ക് പരാതി നൽകിയിരുന്നു.
പുതിയ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണ്, ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും എംപി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലി വിമാനത്താവളത്തിൽ മലയാളി ബിജെപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് നൊച്ചാട് അനു കൊലക്കേസിൽപേരാമ്പ്ര പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു . കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൽ മുജീബ് റഹ്മാൻ്റെ ഭാര്യയാണ് കേസിൽ രണ്ടാം പ്രതി. 2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമർശിച്ച് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന് നിലവാര തകർച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വടകരയിൽ എൽഡിഎഫിന് വോട്ട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദിയറിയിച്ച് കെകെ ശൈലജ ടീച്ചർ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് പ്രത്യേകം നന്ദിവീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റാണാവത്തിന്‍റെ മുഖത്തടിച്ച് എന്ന പരാതിയിൽ ഉടൻ നടപടി. ആരോപണം നേരിടുന്ന വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സി ഐ എസ് എഫ് സസ്പെൻഡ് ചെയ്തു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു.
സ്മൃതി ഇറാനിയെ തോൽപിച്ചത് അമേഠിയിലെ ജനങ്ങളെന്ന് കോൺഗ്രസ് നേതാവ് കിഷോരി ലാൽ. അമേഠി മണ്ഡലം ഇപ്പോഴും ഗാന്ധി കുടുംബത്തിന്റേതാണെന്നും കിഷോരി ലാൽ പറഞ്ഞു. നല്ല പ്രകടനം പാർലമെൻ്റിൽ കാഴ്ച വെക്കണമെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാൽ പറഞ്ഞു.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല. ജനപ്രതിനിധികളുടെ പ്രത്യേക കോടതി പ്രജ്വലിനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് പ്രജ്വലിന്‍റെ കസ്റ്റഡി കാലാവധി. ഹാസനിൽ നിന്ന് ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച പ്രജ്വൽ കോൺഗ്രസിന്‍റെ ശ്രേയസ് പട്ടേൽ ഗൗഡയോട് തോറ്റിരുന്നു.
40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ച കേസിൽ രാഹുൽ ഗാന്ധി നാളെ ബെംഗളൂരു കോടതിയിൽ ഹാജരാകും . സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു.
കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര വാത്മീകി കോർപ്പറേഷൻ അഴിമതിയെ തുടർന്ന് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി.ഹൈക്കമാന്റുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
കടുത്ത ചൂടിൽ എസി യൂണിറ്റ് പൊട്ടിത്തെറിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദ്ഹൌസിംഗ് സൊസൈറ്റിയിൽ അഗ്നിബാധ. കടുത്ത ചൂടിൽ മണിക്കൂറുകളോളം എസി പ്രവർത്തിച്ചിരുന്നതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 5.30ഓടെയാണ് സഹായം തേടി വീട്ടുകാർ ഫയർ ഫോഴ്സിനെ വിളിക്കുന്നത്. സംഭവത്തിൽ ആളപായമില്ല.