web cover 107

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. വിസി നിയമനം കൂടുതല്‍ കുറ്റമറ്റതാക്കാനാണു നിയമഭേദഗതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ന്യായീകരിച്ചു. വിസി നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. (ഗവര്‍ണര്‍ ഒരു ചക്രായുധം. https://youtu.be/7WXqSuw-QyOk )

പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും പുതിയ കൊടി മരങ്ങള്‍ ഉയര്‍ന്നു. ഇതൊക്കെ അധികാരികള്‍ കാണണമെന്നും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിന്റെ ‘ചേക്കുട്ടി’ എന്ന നോവലിന്. യുവ സാഹിത്യ പുരസ്‌കാരം അനഘ ജെ. കോലത്ത് രചിച്ച ‘മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി’ എന്ന കവിത നേടി. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയും കോഴിക്കോട്ട് മെട്രോ ലൈറ്റ് പദ്ധതിയുമാണ് നടപ്പാക്കുക. പദ്ധതി പ്രദേശത്തെ മൂന്നു മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏല്‍പിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഈ തുക നല്‍കണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കണം. തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും കോടതി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിച്ച എന്തോ സഫലീകരിച്ചിട്ടില്ലെന്നു പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ സമനില തെറ്റിയിട്ടുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവര്‍ണര്‍ ആര്‍എസ്എസ് സേവകനായി മാറി. ജയരാജന്‍ പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഗവര്‍ണര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായി സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മന്ത്രിമാര്‍ സമര നേതാക്കളെ അറിയിച്ചു. സമരം തുടരുമെന്ന് സമരനേതാക്കളായ പുരോഹിതരും വ്യക്തമാക്കി. മണ്ണെണ്ണയുടെ കാര്യത്തില്‍ ചര്‍ച്ച പോലും നടന്നില്ല. മന്ത്രിമാരായ വി.അബ്ദുറഹ്‌മാന്‍, ആന്റണി രാജു, ജില്ലാ കളക്ടര്‍, വികാരി ജനറല്‍ യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

നിയമസഭയില്‍ കെ.കെ ശൈലജ നടത്തിയ ആത്മഗതത്തിന് ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂലെന്നും നൂറു ശതമാനം വിശ്വസിക്കാമെന്നും’ കെ.ടി. ജലീലിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണു പ്രതികരണം. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്കിടെ ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കുമോയെന്നു ശൈലജ പറഞ്ഞത് വിവദമായിരുന്നു.

എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരും വിശ്വാസികളും അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നതിനു മുമ്പ് ചര്‍ച്ച നടത്താമെന്ന് ഉറപ്പു വാങ്ങിയാണ് സമരം അവസാനിപ്പിച്ചതെന്ന് വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ അറസ്റ്റു ചെയ്തതിനാല്‍ ക്രയോജനിക് സാങ്കേതിക വിദ്യ വൈകിയെന്ന പ്രചാരണം തെറ്റാണെന്ന് അക്കാലത്തുണ്ടായിരുന്ന ശാസ്ത്രജ്ഞര്‍. റോക്കട്രി ദ നമ്പി എഫക്റ്റ് എന്ന സിനിമയില്‍ പറയുന്നത് തെറ്റാണ്. ഐഎസ്ആര്‍ഒ ക്രയോജനിക് എന്‍ജിനുണ്ടാക്കാന്‍ എണ്‍പതുകളുടെ പകുതിയിലാണ് നടപടി തുടങ്ങിയത്. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. നമ്പി നാരായണന് ഇതുമായി ബന്ധമില്ലായിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ഭരണം സര്‍ക്കാരിന് കളങ്കമായെന്ന് സിഐടിയു. മാനേജ്മെന്റിനെ സര്‍ക്കാര്‍ കയറൂരി വിടരുതെന്ന് സിഐടിയു വിഭാഗം ജനറല്‍ സെക്രട്ടറി എസ്. വിനോദ് ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതിനുള്ള കാരണം സര്‍ക്കാര്‍ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

വാളയാര്‍ ചെക്പോസ്റ്റില്‍ രണ്ടു കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. മലപ്പുറം ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് രണ്ടു കിലോയോളം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രണ്‍ജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ തയാറാകാത്തതിനാലാണ് കേസിന്റെ വിചാരണ മാറ്റിയത്. കൊല്ലപ്പെട്ട രണ്‍ജീത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു.

ഭിന്നശേഷിക്കാരനായ യുവാവിനു പൊലീസ് മര്‍ദനം. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജസ്റ്റിനെയാണ് കുത്തിയതോട് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ മര്‍ദിച്ചത്. കുനിച്ചു നിര്‍ത്തി നട്ടെല്ലില്‍ ചുറ്റികകൊണ്ട് ഇടിച്ചെന്നാണ് ജസ്റ്റിന്‍ പറയുന്നത്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് ആറു മാസത്തേക്കു മരവിപ്പിച്ചു. കിട്ടാക്കടം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് നടപടി. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ചിറയന്‍കീഴില്‍ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടുകയും ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ മിന്നല്‍ ഫൈസലാണ് ചിറയന്‍കീഴ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ചത്. മൂന്നു പോലീസുകാര്‍ പരിക്കുകളോടെ ആശുപത്രിയിലായി. വൈകുന്നേരത്തോടെ പ്രതിയെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി.

2016 ലെ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവച്ചെന്നും മതചിഹ്നങ്ങള്‍ ഉപയോഗിച്ചു പ്രചാരണം നടത്തിയെന്നും ആരോപിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് വി ആര്‍ സോജിയാണ് സുപ്രീം കോടിയെ സമീപിച്ചത്.

അബുദാബിയില്‍ രണ്ടര വര്‍ഷം മുമ്പ് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്നു റീ പോസ്റ്റ്മോര്‍ട്ടം നടത്തും. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച മൃതദേഹാവശിഷ്ടങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് റീ പോസ്റ്റ് മോര്‍ട്ടം നടത്തുക. പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫാണ് ഡെന്‍സിയേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിനെയും കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

കുന്നംകുളം കിഴൂരില്‍ സ്വത്തു കൈക്കലാക്കാന്‍ അമ്മയ്ക്കു വിഷം നല്‍കി കൊലപ്പെടുത്തിയ മകള്‍ അറസ്റ്റിലായി. ചോഴിയാട്ടില്‍ ചന്ദന്റെ ഭാര്യ രുഗ്മിണി (57) യാണു മരിച്ചത്. മകള്‍ ഇന്ദുലേഖ (40) യെ അറസ്റ്റു ചെയ്തു.

കോട്ടയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. മടുക്ക കുരുന്നുമലയില്‍ ശ്യാമിന്റെ ഭാര്യ അഞ്ജലി എന്ന 26 കാരിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

കേരളത്തിലേക്കു ലഹരിമരുന്ന് കടത്തുന്ന വിദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയന്‍ സ്വദേശി ഒക്കാഫോര്‍ എസേ ഇമ്മാനുവല്‍ (32) ആണ് അറസ്റ്റിലായത്. ആറ് മാസത്തിനിടെ ഇയാള്‍ നാലര കിലോ എംഡിഎംഎ കൊച്ചിയിലേക്ക് കടത്തിയെന്നു പോലീസ്.

ബാലുശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പാലോളി പുതിയോട്ടില്‍ നസീര്‍ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം പാണ്ടനാട്ടില്‍ 35 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. പരുമല താഴ്ചയില്‍ വാലുപറമ്പില്‍ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടില്‍ നിന്നാണ് 72,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്.

കോലഞ്ചേരിയില്‍ ഒരു കിലോ കഞ്ചാവും എയര്‍പിസ്റ്റളുമായി യുവാവ് പിടിയില്‍. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടില്‍ അനന്ദു (24) ആണ് അറസ്റ്റിലായത്.

ബൈക്കപകടത്തില്‍ അകപ്പെട്ട രണ്ടു യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പിടിയിലായത് രണ്ടു കിലോ കഞ്ചാവ്. കായംകുളത്ത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച യുവാക്കളുടെ ബൈക്കില്‍നിന്നാണു കഞ്ചാവ് കണ്ടെടുത്തത്. റാന്നി വടക്കേടത്ത് വീട്ടില്‍ അതുല്‍, വള്ളികുന്നംകടുവിനാല്‍ എം.എം കോളനിയില്‍ നസീര്‍ എന്നിവരാണ് പിടിയിലായത്.

എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പു യോഗത്തിനിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ് പരാതിക്കാരി. ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയതായിരുന്നു ആലീസ് ജോസ്.

അഞ്ചു തത്ത്വങ്ങളിലൂന്നിയ വികസന പദ്ധതിയിലൂടെ 25 കൊല്ലത്തിനകം രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ ജനങ്ങളുടെ സഹകരണം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഫരീദാബാദില്‍ അമൃതാനന്ദമയി മഠം നിര്‍മ്മിച്ച അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി സ്പെഷാലിറ്റി അശുപത്രികളില്‍ ഒന്നാണ് ഇവിടെ തുറന്നത്. 130 ഏക്കറിലാണ് ആശുപത്രി നിര്‍മ്മിച്ചത്. മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഇന്ത്യന്‍ സൈന്യത്തെ വകവരുത്താന്‍ പാകിസ്ഥാന്‍ ചാവേറുകളെ അയച്ചു. അഞ്ചു പേരടങ്ങുന്ന സംഘത്തെ അയച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ കേണല്‍ യൂനസ് ആണെന്നു സൈന്യം പിടികൂടിയ ഭീകരന്‍ വെളിപ്പെടുത്തി. അഡ്വാന്‍സായി മുപ്പതിനായിരം രൂപ തന്നെന്നും ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ പറഞ്ഞു.

എഐസിസിയുടെ യൂട്യൂബ് ചാനല്‍ അപ്രത്യക്ഷമായി. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ചാനല്‍ എങ്ങനെ അപ്രത്യക്ഷമായെന്ന് പരിശോധിക്കുകയാണെന്ന് എഐസിസി ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു. അട്ടിമറിയാണോ സാങ്കേതിക തകരാറാണോ എന്ന് അന്വേഷിക്കുന്നു എന്നും ട്വീറ്റില്‍ പറയുന്നു.

ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. പ്രതിപക്ഷമായ ബിജെപി നിയമസഭയില്‍നിന്ന് വാക്കൗട്ടു നടത്തി. വിശ്വാസവോട്ടു ദിനമായിരുന്ന ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള ആര്‍ജെഡി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിവിട്ടു. വ്യക്തിതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണു കോണ്‍ഗ്രസില്‍ തീരുമാനങ്ങളെന്ന് ഷര്‍ഗില്‍ രാജിക്കത്തില്‍ കുറ്റപ്പെടുത്തി.

എന്‍ഫോഴ്സ്മെന്റും സിബിഐയും വേട്ടയാടാന്‍ എത്തുമെന്ന മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു. ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെടുത്തി ടിആര്‍എസ് എംഎല്‍സി കവിതയുടെ പേര് ബിജെപി നേതാക്കള്‍ ഉന്നയിച്ചതോടെയാണ് മന്ത്രിമാരും എംഎല്‍എമാരും സൂക്ഷിക്കണമെന്ന് താക്കീതു നല്‍കിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദംകേള്‍ക്കും. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം.

ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് കുടുബം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന സംശയം സൊനാലി മരിക്കുന്നതിനുമുമ്പ് വീട്ടിലേക്കു വിളിച്ച് പറഞ്ഞിരുന്നതായി സഹോദരി വെളിപ്പെടുത്തി. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. സൊണാലി ഫോഗട്ടിനെ തന്റെ രണ്ട് കൂട്ടാളികളാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സഹോദരന്‍ ഗോവ പോലീസില്‍ പരാതി നല്‍കി.

ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ കോളജ് കാലത്തെ ഫോട്ടോകള്‍ ലേലത്തിനുവച്ച് മുന്‍ കാമുകി ജെന്നിഫര്‍ ഗ്വിന്‍. 1994 മുതലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചിത്രങ്ങളാണ് ജെന്നിഫര്‍ ഗ്വിന്‍ ലേലത്തിനു വച്ചത്.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ഏഷ്യാ കപ്പിനു വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബിസിസിഐ ആണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. കോവിഡ് ബാധിതനായ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഈ നിയമനം.

ലോകത്തെ പ്രശസ്ത അത്യാഡംബര യാത്രാ ഹെലികോപ്ടറായ എച്ച് 145 എയര്‍ബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. അത്യാധുനിക സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ള ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ലോകത്ത് ഇത്തരം 1500 ഹെലികോപ്ടറുകള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. രണ്ട് ക്യാപ്ടന്‍മാര്‍ക്ക് പുറമെ ഏഴു യാത്രക്കാര്‍ക്ക് കയറാവുന്ന ഹെലികോപ്ടറിന് ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങി സഞ്ചരിക്കാന്‍ കഴിയും. ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുമപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

അഞ്ചുവര്‍ഷത്തിനകം 2,000 കോടി ഡോളര്‍ മൂല്യമുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ പദ്ധതി. ഓരോ വര്‍ഷവും 15 ശതമാനം കയറ്റുമതി വളര്‍ച്ച കൈവരിച്ചും നിലനിറുത്തിയും ലക്ഷ്യം നേടും. ഇന്ത്യയില്‍ നിന്നുള്ള 90 ശതമാനം സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന 20 വിപണികള്‍ തിരഞ്ഞെടുക്കും. അവിടേക്കുള്ള കയറ്റുമതിയുടെ അളവും വിപണിയിലെ രീതികളും മനസ്സിലാക്കാന്‍ 20 ഓഫീസര്‍മാരെയും നിയമിക്കും. കയറ്റുമതിക്കാര്‍ക്ക് നല്‍കാന്‍ മാസന്തോറും വിപണി റിപ്പോര്‍ട്ടും ബയര്‍മാരുടെ ഡയറക്ടറിയും പുറത്തിറക്കും. രാജ്യമൊട്ടാകെ സമുദ്രോത്പന്ന മത്സ്യക്കൃഷി മേഖലയില്‍ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പാക്കുന്ന ശൃംഖല രൂപീകരിക്കുകയും ചെയ്യും.

ടൊവിനോ തോമസ് ചിത്രം തല്ലുമാല വന്‍ വിജയത്തിലേക്ക് ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രം 45 കോടി രൂപ കളക്ഷനിലേക്കാണ് കടക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 12-ാം ദിവസമായ ചൊവ്വാഴ്ച ആകെ 60 ലക്ഷം രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് നേടിയത് 50 ലക്ഷം രൂപയാണ.് ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ചക്കരച്ചുണ്ടില്‍’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു വിവാഹദിനത്തലേന്ന് ചെറുക്കന്റെ വീട്ടിലെ ഒത്തുകൂടലാണ് ഗാനത്തിന്റെ പശ്ചാത്തലം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു തുടങ്ങിവരൊക്കെ കളം നിറഞ്ഞ ഗാനരംഗം കൂടിയാണ് ഇത്. ചിത്രം പുറത്തിറങ്ങി ഒന്നരയാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 22.68 കോടി രൂപയാണ്. ഒടിടി, സാറ്റലൈറ്റ്സ് അവകാശങ്ങള്‍ കൂടി വില്‍പ്പനയാവുന്നതോടെ ഇനിയും കോടികള്‍ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരും.

ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആര്‍ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയതു മുതല്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്ളതു കൂടാതെ ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് കൂടി ഇട്ടിരിക്കുകയാണ്. മെയ് 20 ന് നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം തുടര്‍ച്ചയായ 14-ാം വാരവും പ്ലാറ്റ്ഫോമിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് 2.45 കോടി രൂപ പ്രാരംഭ വിലയില്‍ മെഴ്‌സിഡസ്-എഎംജി ഇക്യുഎസ് മുന്‍നിര ഇവി സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെര്‍ഫോമന്‍സ് ഇലക്ട്രിക് സെഡാന്‍ പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. മെഴ്‌സിഡസ് ബെന്‍സ് ഇക്യുസി ഇലക്ട്രിക് എസ്യുവിക്ക് ശേഷം കമ്പനിയുടെ വിപണിയിലെ ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണിത്. മെഴ്‌സിഡസ് ബെന്‍സ് നമ്മുടെ വിപണിയില്‍ സാധാരണ ഇക്യുഎസ് 580 ഇലക്ട്രിക് സെഡാനും അവതരിപ്പിക്കും. ഒക്ടോബറില്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പുതിയ ഇക്യുഎസ് 580 ഒരു സികെഡി മോഡലായി എത്തുകയും പ്രാദേശികമായി അസംബിള്‍ ചെയ്യുകയും ചെയ്യും. അതേസമയം, എഎംജി പതിപ്പ് ഒരു സിബിയു അല്ലെങ്കില്‍ പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് വരുന്നത്.

വിശ്വപ്രസിദ്ധ കഥാകാരന്‍ ഒ.ഹെന്റിയുടെ വിശാലവും വൈവിധ്യമാര്‍ന്നതുമായ കഥാലോകത്തുനിന്നും പ്രത്യേകം തിരഞ്ഞെടുത്ത കഥകള്‍. ലോകത്തെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു കഥാകാരന്റെ കയ്യടക്കവും സര്‍ഗപ്രതിഭയും പ്രതിഫലിപ്പിക്കുന്ന പ്രശസ്തമായ കഥകളുടെ മലയാളവിവര്‍ത്തനം. മൂലകൃതിയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പരിഭാഷ. ഒരു സംസ്‌കാരത്തെ അതിന്റെ ഭിന്നവശങ്ങളോടെ പരിചയപ്പെടുത്തുന്ന കൃതി. ‘തെരെഞ്ഞെടുത്ത കഥകള്‍’. രണ്ടാം പതിപ്പ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 119 രൂപ.

എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ഇത് മുടിയുടെയും ചര്‍മ്മത്തിന്റെയും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. നാരങ്ങ നീര് വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ പല മടങ്ങ് വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങ. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും പേശികളെ വളര്‍ത്താനും ശരീരത്തെ കാര്‍ബോഹൈഡ്രേറ്റ് നശിപ്പിക്കാനും ഉപയോഗിക്കാനും സഹായിക്കുന്നു. ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വായ്നാറ്റം അകറ്റുന്നതിന് സഹായകമാണ്. ഇത് ദുര്‍ഗന്ധത്തില്‍ നിന്ന് വായ വൃത്തിയാക്കാനും ഇതിന് കാരണമാകുന്ന ദോഷകരമായ അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും. ഇതുകൂടാതെ, നാരങ്ങാനീരിനൊപ്പം കഴിക്കുന്ന വെള്ളത്തിന്റെ അളവും കല്ലുകള്‍ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മികച്ചതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകള്‍, പാടുകള്‍ എന്നിവ തടയാനും ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് ശുദ്ധവും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് സഹായിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ചെന്നൈയില്‍ നിന്ന് 15000 കിലോമീറ്റര്‍ അകലെയുള്ള യു എസ്സിലെ മയാമിയില്‍ എഫ്ടിഎക്‌സ് ക്രിപ്‌റ്റോകപ്പിന്റെ അവസാന റൗണ്ടില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനോട് പോരാടുകയാണ് അവന്‍. ചെന്നൈയില്‍ നിന്നും അവന്റെ സഹോദരി അവനൊരു സന്ദേശം അയച്ചിരുന്നു. ‘ കാള്‍സനെ തോല്‍പിക്കണം’ വല്ലാത്തൊരു മൂര്‍ച്ഛയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്… ഏഴാം റൗണ്ടില്‍ ആദ്യ 2 കളികള്‍ സമനിലയിലായെങ്കിലും പിന്നീട് നടന്ന 2 അതിവേഗ കളികളിലും കാള്‍സനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും അവന്‍ നേടി. ലോക ചെസ് ചാമ്പ്യന്‍ തുടര്‍ച്ചയായ മൂന്നു കളികളില്‍ ഒരേ എതിരാളിയോട് പരാജയപ്പെട്ട ഒരു ചരിത്ര സംഭവവും കൂടിയായിരുന്നു അത്. ലോകത്തില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്. ഇത് രമേഷ് ബാബു പ്രഗ്‌നാനന്ദ ചെന്നൈയില്‍ 2005 ലാണ് പ്രഗ്‌നാനന്ദ ജനിച്ചത്. ചെന്നൈ സ്വേദശികളായ നാഗലക്ഷമിയുടേയും രമേഷ് ബാബുവിന്റെയും മകന്‍. ചേച്ചി വൈശാലിയുടെ ചെസ്സ് ബോര്‍ഡിലെ കരുക്കളായിരുന്നു കുഞ്ഞുനാളിലേ അവന്റെ കൂട്ടുകാര്‍… 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ 8 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് അവന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പിന്നീട് 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ്സ് ചാമ്പ്യന്‍ എന്ന നേട്ടം അവനെ തേടിയെത്തി. അന്ന് 10 വയസ്സായിരുന്നു അവന്റെ പ്രായം. രണ്ട് വര്‍ഷത്തിന് ശേഷം 12-ാം വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍ ആയി. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാണ് ഈ 17കാരന്‍. ഇത് ഭാഗ്യമോ സൂത്രമോ അല്ല, പ്രതിഭ തന്നെയാണ്. സ്വന്തം കഴിവിലുളള ആത്മവിശ്വാസം ആണ്. അതെ, സ്വപ്നങ്ങള്‍ ഉറക്കത്തില്‍ മാത്രം കാണാനുള്ളതല്ല, ഒരു ജയവും അസാധ്യമല്ല… – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *