രുചിയും മണവും കൂട്ടാന്‍ വേണ്ടി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളുടെ കലവറ കൂടിയാണ് നമ്മുടെ അടുക്കളയിലെ സാധാരണക്കാരനായ വെളുത്തുള്ളി. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വെറെ വെളുത്തുള്ളി സഹായിക്കും. രാത്രി കിടന്നതിന് മുന്‍പ് വെളുത്തുള്ളി വെറുതെ കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത ഇതു വഴി കുറയ്ക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാതെ തടയാന്‍ വെളുത്തുളളി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തം അടങ്ങിയതിനാല്‍ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനു മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറല്‍ രോഗങ്ങള്‍ ഇവ വരാതെ തടയും. വെളുത്തുള്ളിയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ഉറക്കം വരുത്തും. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണിനെ നിര്‍മിക്കുന്ന ഘടകമായി ട്രിപ്‌റ്റോഫാന്‍ പ്രവര്‍ത്തിക്കുന്നു. ഉറങ്ങാന്‍ കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താനും ഓക്‌സീകരണ സമ്മര്‍ദം അകറ്റാനും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി സഹായിക്കും. രാവിലെ ദിവസവും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി പ്രായമാകല്‍ സാവധാനത്തിലാകും. കൂടാതെ ഇന്‍ഫ്‌ലമേഷന്‍ തടയാനും രക്തം കട്ടപിടിക്കുന്നതു തടയാനും വെളുത്തുള്ളി പതിവായി കഴിക്കുന്നതിലൂടെ സാധിക്കും. വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവുണ്ട്. ഇത് ഒരു നാച്വറല്‍ ഡീ ടോക്‌സിഫയര്‍ ആയി പ്രവര്‍ത്തിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി ശരീരത്തെ സംരക്ഷിക്കുന്നു.